NEWSROOM

സിപിഎം-ഡിഎംകെ വഴി-ടിഎംസി; അന്‍വറിന്റെ രാഷ്ട്രീയ യാത്ര

തൃണമൂല്‍ കോണ്‍ഗ്രസ് വരെയുള്ള പി.വി അന്‍വറിന്റെ രാഷ്ട്രീയ യാത്രയിലേക്ക് ഒരു തിരിഞ്ഞുനോട്ടം

Author : നസീബ ജബീൻ

മുഖ്യമന്ത്രി പിണറായി വിജയനോടും ഇടതുപാളയത്തോടും പടവെട്ടി പുറത്തെത്തിയ പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് അവസാനം പുതിയ മേല്‍വിലാസം. ഇടത് പിന്തുണയോടെ സ്വതന്ത്ര എംഎല്‍എ ആയി തുടങ്ങി, പിന്നീട് ഇടതിനോട് പിരിഞ്ഞ്, ഡിഎംകെ എന്ന സംഘടനയുണ്ടാക്കി, പിന്നാലെ, യുഡിഎഫിലേക്കെന്ന സൂചനയും നല്‍കി ഒടുവില്‍ അന്‍വര്‍ എത്തിയത് തൃണമൂല്‍ കോണ്‍ഗ്രസില്‍.

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് നിലമ്പൂര്‍ എംഎല്‍എയ്ക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കേരള രാഷ്ട്രീയത്തില്‍ അടുത്തിടെ കണ്ട വലിയ ട്വിസ്റ്റും ട്വിസ്റ്റിന്മേല്‍ ട്വിസ്റ്റും നിറഞ്ഞതായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് വരെ എത്തി നില്‍ക്കുന്ന അന്‍വറിന്റെ യാത്ര.

തൃണമൂല്‍ കോണ്‍ഗ്രസ് വരെയുള്ള പി.വി അന്‍വറിന്റെ രാഷ്ട്രീയ യാത്രയിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

സിപിഎം സൈബര്‍ സംഘങ്ങളുടേയും മന്ത്രിമാരുടേയും നേതാക്കളുടേയും മുഖ്യമന്ത്രിയുടെയും വരെ പ്രിയങ്കരനായിരുന്ന പി.വി അന്‍വര്‍ പാര്‍ട്ടിക്കു മുകളില്‍ വളര്‍ന്ന് പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും വരെ തിരുത്താന്‍ ശ്രമം തുടങ്ങിയതോടെയാണ് എല്ലാവരുടേയും കണ്ണിലെ കരടായി മാറിയത്. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി. ശശിയില്‍ തുടങ്ങി പാര്‍ട്ടിയേയും പൊലീസിനേയും ഒടുവില്‍ പിണറായി വിജയനെ വരെ തിരുത്താനുള്ള ശ്രമങ്ങളും ഇടപെടലുകളുമാണ് അന്‍വറിനെ അവസാനം തൃണമൂല്‍ കോണ്‍ഗ്രസ് വരെ എത്തിച്ചത് എന്ന് പറയാം.

എഡിജിപി അജിത് കുമാറിനേയും മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനേയും അറസ്റ്റ് ചെയ്യിച്ച് ജയിലിലടക്കുമെന്ന് പ്രതിജ്ഞയെടുത്ത അന്‍വര്‍ ഒടുവില്‍ ജയിലിലേക്ക് പോകുന്ന കാഴ്ചയും കേരളം കണ്ടു.

പിതാവിനെ പോലെ കണ്ട മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് പി.വി അന്‍വറും, അന്‍വറിന്റേത് കമ്മ്യൂണിസ്റ്റ് രീതിയില്ലെന്ന് സിപിഎമ്മും തുറന്നടിച്ചു, അന്‍വറുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയും ചെയ്തു. പാര്‍ട്ടിയിലും മുഖ്യമന്ത്രിയിലും വിശ്വസിക്കാത്ത അന്‍വറിന്റെ കള്ളപ്രചരണങ്ങള്‍ക്കെതിരെ അണികള്‍ രംഗത്തിറങ്ങണമെന്നു കൂടി പാര്‍ട്ടി പ്രഖ്യാപിച്ചു. ഇതോടെ, കണ്ണിലുണ്ണി കണ്ണിലെ കരടായി മാറി.

ഇടതുപക്ഷം ഉപേക്ഷിച്ചെങ്കിലും തന്റെ പോരാട്ടം തുടരുമെന്ന് അന്‍വറും വ്യക്തമാക്കി. അന്‍വറിന്റെ അടുത്ത നീക്കം എന്തെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരളവും മാധ്യമങ്ങളും. പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നായിരുന്നു ആദ്യം വന്ന സൂചനകള്‍. എന്നാല്‍ പാര്‍ട്ടിയുണ്ടാക്കാനില്ലെന്ന് വ്യക്തമാക്കിയ അന്‍വര്‍ പിന്നീട്, ഡിഎംകെ എന്ന പേരില്‍ ഒരു സംഘടന പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ ഭരണകക്ഷി പാര്‍ട്ടിയായ ഡിഎംകെയുമായി യാതൊരു ബന്ധവും ഇല്ലാത്ത, ഒരു സാമൂഹിക സംഘടന മാത്രമാണ് അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന ഡിഎംകെ. പിന്നീട് ഡിഎംകെയുടെ ബാനറിലായിരുന്നു അന്‍വറിന്റെ പ്രതിഷേധങ്ങളൊക്കെയും.

ഇതിനിടയില്‍, തമിഴ്‌നാട്ടിലെ ഡിഎംകെയുമായി സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകളും നടന്നു. പാര്‍ട്ടിയില്‍ ചേരാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് കത്ത് നല്‍കി. എന്നാല്‍, സഖ്യകക്ഷിയായ സിപിഎമ്മിനോട് തെറ്റുന്നവരെ മുന്നണിയിലെടുക്കില്ലെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ നിലപാടെടുത്തു. ഇതോടെ ആ വഴി അടഞ്ഞു.

പിന്നീട്, യുഡിഎഫ് പാളയത്തിലേക്കുള്ള ശ്രമങ്ങളായിരുന്നു കണ്ടത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും യുഡിഎഫിന് അനുകൂലമായി നില്‍ക്കുന്ന അന്‍വറിനെയാണ് കണ്ടത്. യുഡിഎഫിലേക്കുള്ള അന്‍വറിന്റെ നീക്കങ്ങളോട് സമ്മിശ്രമായിട്ടായിരുന്നു നേതാക്കളുടെ ആദ്യഘട്ടം മുതലുള്ള പ്രതികരണം. ഈ സമയത്തു തന്നെ തൃണമൂല്‍ കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നു. 

നിലമ്പൂര്‍ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ ഒരുദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ അന്‍വര്‍ യുഡിഎഫുമായി സഹകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. പാണക്കാടെത്തി മുസ്ലിം ലീഗ് നേതാക്കളെ സന്ദര്‍ശിച്ചതോടെയാണ് അന്‍വറിന്റെ യുഡിഎഫ് പ്രവേശനം വീണ്ടും ചര്‍ച്ചയായത്. രമേശ് ചെന്നിത്തലയും കെ സുധാകരനും കെ മുരളീധരനും അന്‍വറിനെ സ്വീകരിക്കുന്നതിനെ തള്ളാതെയായിരുന്നു പ്രതികരിച്ചത്. തന്റെ ഇഷ്ടാനുഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഉചിതമായ സമയത്ത് യുഡിഎഫ് നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്ന് വി.ഡി സതീശനും പ്രതികരിച്ചതോടെ, അന്‍വര്‍ യുഡിഎഫിലേക്കെന്ന അഭ്യൂഹം വീണ്ടും സജീവമായി. രാഹുൽ ഗാന്ധിക്കെതിരേയും വി.ഡി. സതീശനെതിരേയും മുൻപ് എടുത്ത നിലപാടുകൾ തിരുത്തണമെന്ന നിലപാടിലായിരുന്നു യുഡിഎഫിൻ്റെ പൊതു നിലപാട്. എന്നാൽ പറഞ്ഞതിൽ നിന്ന് പിന്നോട്ടു പോകാൻ അൻവറും തയ്യാറാകാതെ ആയതോടെ ചർച്ച വീണ്ടും നീണ്ടു. 

അന്‍വറിനെ സഹകരിപ്പിക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് ബംഗാളിലെത്തി തൃണമൂല്‍ അംഗത്വമെടുത്തു കൊണ്ടുള്ള അന്‍വറിന്റെ നീക്കം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായതോടെ, ദേശീയ തലത്തില്‍ അന്‍വര്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി. തത്വത്തില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായ ഇടതുപക്ഷത്തിനൊപ്പവും കോണ്‍ഗ്രസിനൊപ്പവും തന്നെ അന്‍വര്‍ തിരിച്ചെത്തി. അങ്ങനെ, നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരം വഴി, ഡല്‍ഹിയിലും അവിടെ നിന്ന് ബാംഗാളിലും തിരിച്ച് കേരളത്തിലേക്കും എത്തിയ അന്‍വറിന്റെ രാഷ്ട്രീയ യാത്ര തുടരുകയാണ്.

SCROLL FOR NEXT