നിങ്ങൾ ഒരു സുപ്രധാന മത്സരത്തിൽ പങ്കെടുക്കാൻ പോകുകയാണ്. അതിന്‍റെ തലേന്ന് രാത്രി നിങ്ങൾ എന്തൊക്കെ ചെയ്യും? ഒന്നുങ്കിൽ അവസാനവട്ട പരിശീലനം, ഉറക്കം, ധ്യാനം അങ്ങനെ പല ഉത്തരങ്ങൾ മനസിൽ വന്നേക്കാം. ചിലപ്പോൾ 'എന്തെങ്കിലും' എന്നൊരു മുട്ടാപോക്ക് മറുപടിയും. എന്നാൽ ചിലർക്ക് കൃത്യമായ മറുപടിയുണ്ട്. അനുഷ്‌ഠാനം പോലെ ചിലത് ചെയ്യുന്ന കായിക താരങ്ങളുണ്ട്. കിണ്ടിയുടെ വാല് ഇടത്തോട്ടാണോ വലത്തോട്ടാണോ എന്ന് നോക്കി ശുഭാപ്തി വിശ്വാസത്തോടെ പിഎസ്‌സി പരീക്ഷക്ക് പോകുന്ന മലയാളിയോട് ഇതൊന്നും പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇത്തരം 'റിച്വൽസ്' കണിശമായി പിന്തുടരുന്നവരാണ് പല കായിക താരങ്ങളും.
പാരിസ് ഒളിംപിക്സിൽ മത്സരിക്കാൻ വരുന്ന വലിയൊരു വിഭാഗം കളിക്കാർക്കും ഇങ്ങനെ ചില രീതികളുണ്ട്. കടുംപിടുത്തം എന്ന് പറയാവുന്ന തരം വിശ്വാസങ്ങൾ. അതിൽ എന്തെങ്കിലും ഒന്ന് മാറിപോയതാണ് പരാജയ കാരണം എന്ന് പറയുന്നവർ വരെയുണ്ട്. പക്ഷെ അവര് നേരെ കവടിക്ക് മുന്നിൽ പോയി ഇരിക്കില്ല. പരിശീലിക്കും. വീണ്ടും അതെ റിച്വൽസ്, മത്സരം, വിജയം. റിച്വൽസ് എന്ന് പറയുമ്പോൾ ഹോമമോ കൂടോത്രമോ ആണെന്ന് തെറ്റിദ്ധരിക്കരുത്. സംഗതി വേറെയാണ്.
കില്‍ ബില്ലും ബൈബിള്‍ ക്ലാസും
ക്വിന്‍റന്‍ ടാരന്‍റീനോയുടെ കിൽ ബിൽ എന്ന സിനിമ നമ്മളിൽ പലരും പലകുറി കണ്ടുകാണും. എന്നാൽ അമേരിക്കൻ ഹൈ ജമ്പർ വഷ്ടി കണ്ണിങ്ഹാം എല്ലാ മത്സരത്തിനും തലേന്ന് രാത്രി കിൽ ബിൽ കാണും. ബിൽ മരിച്ചു വീണതിന് ശേഷം നേരെ അച്ഛനൊപ്പം ബൈബിൾ പഠനം. ഇതാണ് വഷ്ടിയുടെ മത്സര തലേന്നത്തെ സ്ഥിരം കലാപരിപാടി.
നറൂട്ടോ ഹാന്‍ഡ് സീലിന്‍റെ ആരാധകന്‍
ബ്രസീലിന്‍റെ വോളിബോൾ താരം ഡാർലൻ സൗസ അനിമേഷന്‍ ഫാൻ ആണെന്ന് തോന്നുന്നു. കാരണം സെർവിന് മുൻപ് നറൂട്ടോ എന്ന ആനിമേഷന്‍ സീരിസിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൈകൾ പ്രത്യേക രീതിയിൽ ഡാർലൻ ചലിപ്പിക്കും. ജിജിത്സു പോലുള്ള ഇനങ്ങളിൽ കാണുന്ന ഹാന്‍ഡ് സീലാണിത്.
ഭാഗ്യം കൊരുത്തുവെച്ചിരിക്കുന്ന മുടിക്കെട്ട്
യുഎസ് ഗോൾഫർ നെല്ലി കോർഡ തന്‍റെ മുടിയിലാണ് ഭാഗ്യം കൊരുത്ത് വെച്ചിരിക്കുന്നത്. മത്സരിക്കുമ്പോൾ അവരുടെ മുടി ചുരുളിൽ മൂന്ന് ഗോൾഫ് ടീകൾ കുത്തി വെച്ചിട്ടുണ്ടാവും. ഗോൾഫ് ബോൾ തറയിൽ ഉറപ്പിക്കാനാണ് ടീ ഉപയോഗിക്കുന്നത്. മുടിയിലുള്ളവ കേടായായാൽ മാത്രമേ കോർഡ വെളിയിൽ നിന്നും ടീ എടുക്കുകയുള്ളൂ. ഈ ടീകള്‍ മുടിക്കുള്ളില്‍ തിരുകാതെ കോർഡ പ്രധാന മത്സരങ്ങള്‍ക്കിറങ്ങാറില്ല.
ഭാഗ്യം കൊണ്ട് വരുന്ന ദിനോസർ പാവ
പാരാലിമ്പിക് ട്രയാത്‌ലെറ്റ് മെലിസ്സ സ്റ്റോക്ക്‌വെൽ എപ്പോഴും മകൻ സമ്മാനമായി കൊടുത്ത ഒരു ഭാഗ്യ ദിനോസറിന്‍റെ പാവ കയ്യിൽ കരുതും. മകനോടുള്ള സ്നേഹം കൊണ്ടു മാത്രമല്ലയിത്. ഈ പാവ കൊണ്ടിറങ്ങിയ കളികളിലൊക്കെ വിജയം തനിക്കൊപ്പമായിരുന്നുവെന്നാണ് മെലിസ്സ വിശ്വസിക്കുന്നത്. നേരെ തിരിച്ചുള്ള വാദം മെലിസ്സ പരിഗണിച്ചിട്ടില്ല.
ഭക്ഷണ സമയമാണ് എല്ലാം
ഡാനിൽ മെദ്‌വദേവ് മത്സരത്തിനു രണ്ടര മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കും. ഒരു മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറില്ല. ഇത് തന്‍റെ പ്രകടനത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് ഡാനിൽ വിശ്വസിക്കുന്നത്.
സർഫർക്ക് സോക്സിടാന്‍ പറ്റില്ല, പക്ഷെ പങ്കാളിക്ക് പറ്റുമല്ലോ
സർഫറായ കാറിസ മൂറിന് ഒരു ഭാഗ്യ സോക്സുണ്ട്. പക്ഷെ സർഫിങ്ങിനിടെ ആത് ധരിക്കാന്‍ സാധിക്കില്ല. അതു കൊണ്ട് ഭാഗ്യ സോക്സ് ധരിക്കുന്നത് കാമുകനാണ്. താന്‍ തോറ്റ കളികളിലൊക്കെ കാമുകന്‍ സോക്സ് ധരിച്ചിരുന്നില്ലായെന്നാണ് മൂറിന്‍റെ കണ്ടെത്തല്‍. 2020 ടോക്യോ ഒളിംപിക്സില്‍ സർഫിങ്ങില്‍ സ്വർണ്ണം മൂറിനായിരുന്നു. കാമുകന്‍ സോക്സ് ധരിച്ചിരുന്നുവെന്ന് പ്രത്യേകം പറയണ്ടല്ലോ.
ഒരേ ദിശയില്‍ നോക്കുന്ന വെള്ളക്കുപ്പികള്‍
നാല് തവണ ഗ്രാന്‍ഡ് സ്ലാം നേടിയ നവോമി ഒസാക്ക വെള്ളക്കുപ്പികള്‍ ഒരു പ്രത്യേക രീതിയിലെ വെയ്ക്കുകയുള്ളു. നവോമിയുടെ റിച്വല്‍സ് മുഴുവന്‍ ഈ വെള്ളക്കുപ്പികളെ ചുറ്റിപ്പറ്റിയാണ്. അവ ഒരേ ദിശയിലായിരിക്കണം. അതും പ്രത്യേക ക്രമത്തില്‍.
ക്വാളിഫിക്കേഷൻ റൗണ്ടിൽ മുഴുവൻ താടി ഫൈനൽസിൽ പകുതി താടി
ജിയാൻമാർക്കോ ടംബേരി എന്ന ഇറ്റാലിയന്‍ ട്രാക് ആന്‍ഡ് ഫില്‍ഡ് താരം കളിക്കളത്തില്‍ ആവേശവും വിനോദവും വേണമെന്ന് വാദിക്കുന്ന വ്യക്തിയാണ്. ആ വിനോദം തന്‍റെ രൂപത്തിലും കൊണ്ടുവരാന്‍ ടംബേരി ശ്രദ്ധിക്കും. ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ താടി വളർത്തി വരുന്ന ടംബേരി ഫൈനല്‍സില്‍ പകുതി താടിയുമായാണ് ട്രാക്കിലെത്തുക. ഈ 32 വയസുകാരന്‍റെ ട്രേഡ് മാർക്കാണ് ഈ പകുതി താടി.
നദാല്‍ സ്ട്രിക്റ്റാണ്- കുപ്പിയുടെ കാര്യത്തിലും കപ്പിന്‍റെ കാര്യത്തിലും
ഒരുപാട് അന്ധവിശ്വാസങ്ങളുടെ കളികൂടിയാണ് ടെന്നീസ്. ഒരോ കളിക്കാരനും അവരുടേതായ കളിച്ചിട്ടകളുണ്ട്. 22 തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ റാഫേല്‍ നദാല്‍ മത്സരത്തിന് കൃത്യം 45 മിനിറ്റ് മുന്‍പ് ഐസ് പോലെ തണുത്ത വെള്ളത്തില്‍ കുളിക്കും. കോർട്ടിലെത്തിയാല്‍ കോർട്ട് ലൈനില്‍ ചവിട്ടില്ല. അവിടെയും തീരുന്നില്ല. കോർട്ടിനു വെളിയില്‍ വെള്ളക്കുപ്പികള്‍ പ്രത്യേക രീതിയില്‍ ക്രമീകരിച്ചു വെക്കും. ഈ പ്രത്യേക രീതി കണിശമാണ്. കളിക്കിടയില്‍ ഷർട്ട് വലിച്ചിടും, മുടി കോതും, മുഖം തുടയ്ക്കും. ഇതെല്ലാവരും ചെയ്യുന്നതല്ലെ എന്നാണ് ചോദ്യമെങ്കില്‍, ഇതൊക്കെ ചെയ്യുന്നതിന് നദാലിന് ഒരു ചിട്ടവട്ടമുണ്ടെന്നതാണ് മറുപടി. 2022 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാട്ടർ ഫൈനലില്‍ ഡെനിസ് ഷാപോവലോവിനെതിരെയുള്ള മത്സരത്തില്‍ 146 തവണയാണ് ഈ പറഞ്ഞ ചിട്ടവട്ടങ്ങള്‍ നദാല്‍ പിന്തുടർന്നത്.
കഴിവും പരിശീലനങ്ങളും കൊണ്ടാണ് ഈ കളിക്കാരൊക്കെ മെഡലുകള്‍ വാരിക്കൂട്ടിയത്. എന്നാല്‍ തന്നിലുള്ള വിശ്വാസം മതിയാകാതെ വരുമ്പോള്‍ അവര്‍ ചില ബാഹ്യ വിശ്വാസങ്ങളെ മുറുക്കെ പിടിക്കും. പോക്കറ്റില്‍ പാവയുണ്ടെങ്കില്‍, വെള്ളക്കുപ്പി ഒരേ ദിശയിലാണെങ്കില്‍, മുഖത്ത് താടിയില്ലെങ്കില്‍ വിജയിക്കുമെന്നൊരു തോന്നല്‍. എല്ലാം നിയന്ത്രണ വിധേയം എന്നൊരു ചിന്ത. അതു തന്നെയല്ലേ എല്ലാ വിശ്വാസങ്ങളുടെയും കാതല്‍.