NEWSROOM

ബജറ്റ് ബാഗ് മുതല്‍ ഹല്‍വ ചടങ്ങുവരെ; കേന്ദ്ര ബജറ്റിലെ കൗതുകങ്ങള്‍ ഇതൊക്കെ...

കേരള നിയമസഭയിലെ ലഡു വിതരണം ഓർമ്മയില്ലാത്ത ആരുമുണ്ടാകില്ല, അങ്ങനെയൊരു മധുരം കൊടുപ്പ് കേന്ദ്ര ബജറ്റിനുമുണ്ട്. അവിടെ ലഡുവല്ല, ഹല്‍വയാണ്

Author : ന്യൂസ് ഡെസ്ക്

മൂന്നാം എന്‍ഡിഎ സർക്കാരിന്‍റെ ആദ്യ ബജറ്റ് ജൂലായ് 23നാണ് ധനമന്ത്രി നിർമല സീതാരാമൻ ലോക് സഭയിൽ അവതരിപ്പിക്കുന്നത്. ലെതർ ബാഗ് മുതൽ ഹൽവ വരെ നീളുന്നതാണ് ഇന്ത്യന്‍ ബജറ്റിന്‍റെ പാരമ്പര്യത്തിലെ കൗതുകങ്ങൾ.

ഓരോ കാലത്തും ധനമന്ത്രിമാർ കൊണ്ടുവരുന്ന ബാഗ്. അതു ധനമന്ത്രിയുടെ ബജറ്റ് ലുക്കിലെ സ്റ്റാറാണ്. ധനമന്ത്രാലയം മൂന്നോ നാലോ ബാഗ് വാങ്ങും, അതിലൊന്ന് ധനമന്ത്രി തെരഞ്ഞെടുക്കും. അതാണ് രീതി. ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ ആർ.കെ. ഷൺമുഖം ചെട്ടിയെത്തിയത് ലെതറെന്ന് തോന്നിപ്പിക്കുന്ന ഒരു ചുവപ്പ് ബാഗുമായാണ്. പണ്ട് വിക്ടോറിയ രാജ്ഞിയുടെ ചാന്‍സിലറായിരുന്ന വില്യം എവാർട്ട് ഗ്ലാഡ്‌സ്റ്റോണ്‍ കൊണ്ടു നടന്നിരുന്ന ചുവപ്പ് ലെതർ ബാഗിനെ ഓർപ്പിക്കുന്നതായിരുന്നു ആ ബജറ്റ് ബാഗ്. ഒരു നൂറ്റാണ്ടോളം ഇന്ത്യയിലെ ധനമന്ത്രിമാർ ഈ രീതി പിന്തുടർന്നു.

2019ല്‍ കൊളോണിയല്‍ ആചാരമെന്ന പേരില്‍ ബജറ്റ് ബാഗ് ഉപേക്ഷിച്ച നിർമ്മലാ സീതാരാമന്‍ ചുവപ്പ് തുണിയില്‍ പൊതിഞ്ഞ ബജറ്റുമായാണ് പാർലമെന്‍റിലേത്തിയത്. അങ്ങനെ കൊളോണിയൽ രീതി തള്ളി ബജറ്റ് പ്രഖ്യാപനത്തിന്‍റെ സമയം തിരുത്തിയതും ഒരു ബിജെപി മന്ത്രിയാണ്, 2001ലെ ധനമന്ത്രി യശ്വന്ത് സിൻഹ. 1999 വരെ, വൈകുന്നേരം 5 മണിക്ക് അവതരിപ്പിച്ചിരുന്ന കേന്ദ്രബജറ്റ്, ആ വർഷം മുതലാണ് രാവിലെ 11 മണിയിലേക്ക് മാറിയത്.

കേരള നിയമസഭയിലെ ലഡു വിതരണം ഓർമ്മയില്ലാത്ത ആരുമുണ്ടാകില്ല, അങ്ങനെയൊരു മധുരം കൊടുപ്പ് കേന്ദ്ര ബജറ്റിനുമുണ്ട്. അവിടെ ലഡ്ഡുവല്ല, ഹല്‍വയാണ്. ബജറ്റ് ദിവസത്തിന് ഏകദേശം രണ്ടാഴ്ച മുന്‍പാണ് ഈ ചടങ്ങ് നടക്കുന്നത്. ബജറ്റ് ഡോക്യുമെൻ്റിൻ്റെ അച്ചടിക്ക് ഗ്രീന്‍ സിഗ്നല്‍ കൊടുക്കുന്നത് അങ്ങനെയാണ്. അതുകഴിഞ്ഞാല്‍ ധനമന്ത്രാലയം ക്വാറന്‍റീനിലാകും. ബജറ്റ് പേപ്പറുകൾ അച്ചടിക്കുന്ന നൂറോളം ഉദ്യോഗസ്ഥർ ധനമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലെ ബജറ്റ് പ്രസ്സിനുള്ളില്‍ ലോക്ക് ഡൗണിലും. കുടുംബത്തെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാന്‍ പോലും അനുവാദമുണ്ടാകില്ല. ബജറ്റവതരണം വരെ ഇവരെല്ലാം അജ്ഞാതരാണ്.

എന്തിനാണ് ഈ രഹസ്യസ്വഭാവമെന്ന ചോദ്യത്തിന്‍റെ ചരിത്രം പറഞ്ഞാലും പഴി ബ്രിട്ടനിലെത്തും. 1947ലെ ആദ്യ ബജറ്റ് ദിനത്തിൽ, ബ്രിട്ടീഷ് ചാൻസലർ ഹ്യൂഗ് ഡാൽട്ടൺ ബജറ്റവതരണത്തിന് മുന്‍പേ നികുതി നിർദേശങ്ങള്‍ പത്രക്കാരോട് പറഞ്ഞു. ഡാൽട്ടന് മുന്‍പേ പത്രക്കാർ ബജറ്റവതരിപ്പിച്ചു. ഡാല്‍റ്റണ്‍ രാജിവെക്കേണ്ടിവന്നു. 1950ൽ, രാഷ്ട്രപതി ഭവനിൽ അച്ചടിച്ച കേന്ദ്ര ബജറ്റിൻ്റെ ഒരു ഭാഗം ചോർന്നു. രാഷ്ട്രപതി ഭവനിൽ നിന്ന് ബജറ്റിൻ്റെ അച്ചടി ന്യൂ ഡൽഹിയിലെ മിൻ്റോ റോഡിലേക്ക് മാറിയത് അങ്ങനെയാണ്. പിന്നീട് നോർത്ത് ബ്ലോക്കിലേക്ക് അച്ചടി മാറിയ ബജറ്റിന് ഇന്ന് ഇന്‍റലിജന്‍സ് ബ്യൂറോയുടെയും ഡല്‍ഹി പൊലീസിന്‍റെയും അതീവ സുരക്ഷയാണുള്ളത്. അവിടേക്ക് പ്രവേശനം ഇന്ത്യയുടെ ധനമന്ത്രിക്ക് മാത്രം.

SCROLL FOR NEXT