യുഎസിൽ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ സംഘം നാളെ ഇന്ത്യയിലെത്തും. വിമാനം യുഎസിൽ നിന്നും രണ്ടാം സംഘവുമായി വിമാനം പുറപ്പെട്ടു. 119 പേരാണ് രണ്ടാം സംഘത്തിലുള്ളത്. വിമാനം നാളെ അമൃത്സറിലെ ഗുരു രാം ദാസ് വിമാനത്താവളത്തിലെത്തും, അടുത്ത സംഘം മറ്റന്നാളും ഇന്ത്യയിലെത്തും.
ആദ്യഘട്ടത്തിൽ നാടുകടത്തിയവരിൽ 205 ഇന്ത്യക്കാർ തിരികെയെത്തിയിരുന്നു. യുപി,മഹാരാഷ്ട്ര,സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇന്ത്യയിലെത്തിയത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അനധികൃത കുടിയേറ്റ വിരുദ്ധ നിലപാടിനെ തുടർന്നാണ് കുടിയേറ്റക്കാരെ നാടുകടത്തുന്നത്. നിലപാട് കടുപ്പിക്കുന്നതിൻ്റെ ഭാഗമായി 11ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു.
രാജ്യത്തെ നിയമനിർവഹണ ഏജൻസികൾ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടികൾ ആരംഭിച്ചിരുന്നു.യുഎസ് സർക്കാരിൻ്റെ തീരുമാനം പുറത്തുവിട്ടതിന് പിന്നാലെ പഞ്ചാബിലെ എൻആർഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാൾ നിരാശ പ്രകടിപ്പിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ആ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന നൽകിയ വ്യക്തികളെ നാടുകടത്തുന്നതിന് പകരം, അവിടെ സ്ഥിര താമസക്കാരാക്കണം എന്നായിരുന്നു, മന്ത്രിയുടെ പ്രതികരണം. നിരവധി ഇന്ത്യക്കാർ യുഎസിലെത്തിയത് വർക്ക് പെർമിറ്റിലാണ്. പെർമിറ്റിൻ്റെ കാലവധി അവസാനിച്ചതിൽ പിന്നെയാണ് ഇന്ത്യക്കാരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
തിരികെ എത്തുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കാനുള്ള ഫണ്ട് കണ്ടെത്തണമെന്ന് നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ(എൻഎപിഎ)പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.മടങ്ങിയെത്തുന്നവർക്ക്, അവർക്ക് ജീവിക്കാൻ ആവശ്യമായ വിഭവങ്ങളും പിന്തുണയും നൽകാത്തത് കടുത്ത സാമൂഹിക വെല്ലുവിളി ഉയർത്തുമെന്ന കാര്യം എൻഎപിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സത്നം സിംഗ് ചാഹൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രശ്നം ഉടൻ തന്നെ പരിഹരിച്ചില്ലെങ്കിൽ സംസ്ഥാനത്ത് തൊഴിലില്ലായ്മ, മാനസികാരോഗ്യ പ്രശ്നങ്ങൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, എന്നിവ വർധിക്കാൻ കാരണമാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതൊരു വ്യക്തിഗത പ്രശ്നമല്ല, മറിച്ച് ഇതൊരു സാമൂഹിക പ്രശ്നമാണ്. "ഇപ്പോൾ നടപടിയെടുക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടാൽ, യുവാക്കൾക്ക് മാത്രമല്ല, പഞ്ചാബിൻ്റെ സാമൂഹിക ഘടനയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും മൊത്തത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും", ചാഹൽ പറഞ്ഞിരുന്നു.