കൊല്ലം സമുദ്രമേഖലയിലെ ഇന്ധന പര്യവേക്ഷണത്തിന് ബ്ലാക്‌ഫോർഡ് ഡോൾഫിൻ സെമി സബ്‌മെഴ്‌സിബിൾ റിഗ് എത്തും. കൊല്ലം ഉൾപ്പെടെ രാജ്യത്തെ മൂന്നു തീരങ്ങളിൽ ക്രൂഡ് ഓയിൽ അടക്കമുള്ള ദ്രവ–വാതക ഇന്ധനപര്യവേക്ഷണത്തിന് പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡുമായുള്ള കരാറിൻ്റെ അടിസ്ഥാനത്തിലാണ് റിഗ് എത്തുന്നത്.
കൊല്ലം തീരം, കൊങ്കൺ തീരം, ആന്ധ്രയിലെ അമലാപുരം എന്നിവിടങ്ങളിൽ ഇന്ധനപര്യവേക്ഷണത്തിന് 1287 കോടിയുടെ കരാറാണ് ഓയിൽ ഇന്ത്യ ലിമിറ്റഡുമായി ഡോൾഫിൻ ഡ്രില്ലിങ് കഴിഞ്ഞ വർഷം മാർച്ചിൽ ഒപ്പിട്ടത്. ഈ വർഷം രണ്ടാംപാദത്തിൽ പ്രവർത്തനം തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ, നൈജീരിയയിലെ ജനറൽ ഹൈഡ്രോകാർബൺസ് ലിമിറ്റഡുമായി കരാർ തുക സംബന്ധിച്ച കേസിൽ അകപ്പെട്ട് ബ്ലാക്‌ഫോർഡ് ഡോൾഫിൻ്റെ ഇന്ത്യയിലേക്കുള്ള യാത്ര നീളുകയായിരുന്നു. റിഗ് ഉടമ 20 മില്യൺ ഡോളറിൻ്റെ ബാങ്ക് ഗ്യാരണ്ടി സമർപ്പിച്ചതോടെയാണ് നൈജീരിയൻ കടലിൽനിന്ന് യാത്ര തിരിക്കാൻ കോടതി അനുമതി നൽകിയത്. ഇന്ധനപര്യവേക്ഷണത്തിന് 14 മാസത്തിനുള്ളിൽ മൂന്നുതീരങ്ങളിലും കടലിൻ്റെ അടിത്തട്ട് തുരന്ന് കൂറ്റൻ കിണറുകൾ സ്ഥാപിക്കുന്നതിനാണ് കരാർ. കാലാവധിയിൽ അധികമായി ഏഴുമാസംകൂടി അനുവദിച്ചിട്ടുണ്ട്.
കിണറുകളുടെ രൂപകൽപ്പന, എൻജിനിയറിങ്, സംഭരണം, നിർമാണം, കമീഷൻ ചെയ്യൽ എന്നിവയും കരാറിലുണ്ട്. ജീവനക്കാരടക്കം 120 പേരെ ഉൾക്കൊള്ളാൻ കഴിയുന്നതും 30,000 അടി ആഴത്തിൽ വരെ കുഴിക്കാൻ സാധിക്കുന്നതുമാണ് ബ്ലാക്‌ഫോർഡ് റിഗ്. കൊല്ലം തീരത്തുനിന്ന് 26 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽചാലിനു പുറത്ത് ആറുകിലോമീറ്റർ താഴ്‌ചയിലാണ് പര്യവേക്ഷണം.