NEWSROOM

എലത്തൂർ എച്ച്പിസിഎല്‍ ഡിപ്പോയിൽ ഇന്ധന ചോർച്ച; ഡീസൽ ഓവുചാലിലേക്ക് ഒഴുകിയെത്തുന്നു

അഞ്ച് ബാരലിൽ അധികം ഡീസൽ നാട്ടുകാർ ഓടകളില്‍ നിന്നും നീക്കിയെന്നാണ് വിവരം

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്‍റെ (എച്ച്പിസിഎല്‍) ഡിപ്പോയിൽ നിന്ന് ഡീസൽ ഓവുചാലിലേക്ക് ഒഴുകിയെത്തുന്നു. ഡിപ്പോയിൽ അറ്റകുറ്റപണി നടക്കുന്നതിനിടെയാണ് ഡീസൽ പുറത്തേക്ക് ഒഴുകിയത്. സമീപത്തെ ഓടകളിലേക്ക് ഡീസൽ പരന്നൊഴുകി. അഞ്ച് ബാരലിൽ അധികം ഡീസൽ നാട്ടുകാർ ഓടകളില്‍ നിന്നും നീക്കിയെന്നാണ് വിവരം.

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. എച്ച്പിസിഎല്‍ ഡിപ്പോയിൽ ഇന്ധനം നിറഞ്ഞൊഴുകിയത് പരിഹരിക്കാന്‍ സാധിക്കാത്തതാണ് പ്രശ്നത്തിനു കാരണമായത്. എച്ച്പിസിഎല്ലിന്‍റെ കോംപൗണ്ടില്‍ ഡീസല്‍ പരന്നൊഴുകുകയും അത് മതിലിനോട് ചേർന്നുള്ള ഓവുചാലിലേക്ക് ഒഴുകിയെത്തുകയുമായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ധനം ചോർന്നൊഴുകുന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടായിരത്തിലധികം ഡീസലും വെള്ളവും ചേർന്ന ദ്രാവകം നാട്ടുകാർ ശേഖരിച്ചിട്ടുണ്ട്. ജലാശയങ്ങളുമായി ചേർന്ന് കിടക്കുന്ന മേഖലയായതിനാല്‍ മറ്റിടങ്ങളിലേക്കും ഇന്ധനം ഒഴുകിയെത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ തുടരുകയാണ്. സംഭവ സ്ഥലത്ത് ഡിവൈഎഫ്ഐ പ്രതിഷേധവും നടക്കുന്നുണ്ട്.

അതേസമയം, സ്ഥിതി നിയന്ത്രണവിധേയമാണെന്നുംഇത്തരം സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുമെന്നും എച്ച്പിസിഎല്‍ ഡിപ്പോ മാനേജർ സി. വിനയൻ അറിയിച്ചു. നിലവിൽ പ്രശ്നങ്ങൾ ഇല്ല.     ഓവർഫ്ലോ ആണ് ഇന്ധനം പുറത്തേക്ക് ഒഴുകാൻ കാരണം.   സംഭരണ ശാലയിലെ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ശ്രമിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരെ വിഷയം ധരിപ്പിക്കുമെന്നും ഡിപ്പോ മാനേജർ പറഞ്ഞു. 

SCROLL FOR NEXT