ഇന്ധനവില കൂട്ടി കർണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും വില വര്‍ധിക്കും. വിൽപ്പന നികുതി കൂട്ടാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. പെട്രോളിന് 3.92 ശതമാനവും, ഡീസലിന് 4.1 ശതമാനവുമാണ് നികുതി വർധിപ്പിച്ചത്.
സംസ്ഥാനത്ത് പുതുക്കിയ ഇന്ധനവില ഇന്ന് മുതൽ നിലവിൽ വരും. പുതുക്കിയ വിലനിലവാരപ്രകാരം സംസ്ഥാനത്ത് പെട്രോളിന് 102.84 രൂപയും, ഡീസലിന് 88.98 രൂപയുമാകും. നേരത്തെ വില പെട്രോളിന് 99.84 രൂപയും ഡീസലിന് 85.93 രൂപയുമായിരുന്നു. ഇതോടെ പെട്രോളിന് നേരത്തെ 25.92 ശതമാനമായിരുന്ന വിൽപ്പന നികുതി, 29.84 ശതമാനമായി. ഡീസലിന് 14.3 ശതമാനമായിരുന്നത് 18.4 ശതമാനമായി മാറിയെന്നുമാണ് വിവരം.
വിൽപ്പന നികുതി വർധിപ്പിച്ച സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൻ്റെ തീരുമാനത്തെ ബിജെപി നേതാക്കൾ വിമർശിച്ചു. വിലക്കയറ്റം പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു.