NEWSROOM

അരികുവല്‍ക്കരിപ്പെട്ടവരുടെ നാവായ് മാറിയ മനുഷ്യൻ; കെ.കെ. കൊച്ച് ഇനി ഓർമ്മ

പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള രാഷ്ട്രീയ സാംസ്കാരിക സാമുദായിക രംഗങ്ങളിലെ നിരവധി പ്രമുഖർ അവരുടെ പ്രിയപ്പെട്ട കൊച്ചേട്ടന് അന്തിമോപചാരം അർപ്പിച്ചു.

Author : ന്യൂസ് ഡെസ്ക്


അരികുവല്‍ക്കരിപ്പെട്ടവരുടെ നാവായി മാറിയ കെ.കെ കൊച്ച് ഇനി ഓർമ്മ. കോട്ടയം കടുത്തുരുത്തിയിലെ വീട്ടുവളപ്പിൽ കൊച്ചിന്റെ സംസ്കാരം നടന്നു. രാഷ്ട്രീയ സാംസ്കാരിക സാമുദായിക രംഗങ്ങളിലെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.



സമൂഹം താഴെക്കിട, കല്പിച്ചു നൽകിയ ജനവിഭാഗത്തിന്റെ പോരാളിയായിരുന്നു കെ.കെ കൊച്ച്. ജീവിതം ഒരു സന്ദേശമാക്കി മാറ്റിയ സാംസ്കാരിക നേതാവിന് നാടും പ്രീയപ്പെട്ടവരും വിട നൽകി. കോട്ടയം കടുത്തുരുത്തി കമ്മ്യൂണിറ്റി ഹാളിലും വീട്ടിലും പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ ആയിരുന്നു പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.

പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള രാഷ്ട്രീയ സാംസ്കാരിക സാമുദായിക രംഗങ്ങളിലെ നിരവധി പ്രമുഖർ അവരുടെ പ്രിയപ്പെട്ട കൊച്ചേട്ടന് അന്തിമോപചാരം അർപ്പിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു കെകെ കൊച്ചിന്റെ അന്ത്യം. 76 വയസ്സായിരുന്നു.

അദ്ദേഹത്തിൻ്റെ ദളിതൻ എന്ന ആത്മകഥ സമകാലിക കേരളം ഏറെ ചർച്ച ചെയ്തു. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികൾ. ആക്ടിവിസ്റ്റ്, ചരിത്രകാരന്‍, ചിന്തകന്‍, സാമൂഹിക നിരീക്ഷകന്‍, അടിസ്ഥാന വര്‍ഗങ്ങളുടെ അവകാശ സംരക്ഷണ പോരാളി തുടങ്ങിയ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കെകെ കൊച്ച് വിടവാങ്ങുമ്പോൾ; സമരസപ്പെടലുകളില്ലാത്ത, സമരങ്ങള്‍ നിലയ്ക്കാത്ത ജീവിത മാതൃക കൂടിയാണ് ഓർമ്മയാവുന്നത്.

SCROLL FOR NEXT