കെപിസിസി സെമിനാറിൽ പങ്കെടുത്തതിന് നേരിടുന്ന സൈബർ ആക്രമണങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഐഎം നേതാവ് ജി. സുധാകരൻ. അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ച് പേരാണ് ഇതിനു പിന്നിൽ. സൈബർ പോരാളികൾ എന്നൊരു ഗ്രൂപ്പ് പാർട്ടിയിൽ ഇല്ലെന്ന് ജി. സുധാകരൻ പറഞ്ഞു. ഇവർ പാർട്ടി വിരുദ്ധരാണ്. പാർട്ടി അംഗങ്ങളാണ് പാർട്ടിയുടെ സൈന്യം. കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നും അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണെന്നും സുധാകരൻ വ്യക്തമാക്കി.
"ആദ്യം എന്നെ ബിജെപിക്കാരനാക്കാൻ ശ്രമിച്ചു. ഇതൊക്കെ അറിവില്ലാത്തവരും ക്രിമിനൽ പൊളിട്ടീഷ്യൻസുമാണ് ചെയ്യുന്നത്. അവർ താഴെ വരെയുണ്ട്. അതിനു ചില ടെലിവിഷനുകളിൽ മറുപടി പറയുന്നുണ്ട്. പക്ഷേ പത്രക്കാരാരും അതിനെതിരായിട്ട് എഴുതിയില്ലല്ലോ? ആലപ്പുഴയിലെ ഒരു ലേഖകൻ പോലും ജി. സുധാകരനെ അറിയാവുന്ന ആളായി കണ്ടില്ലല്ലോ? ഒരാളുപോലും ഒരു പത്രത്തിലും എഴുതിയില്ലല്ലോ? നിങ്ങൾക്കെല്ലാം എന്നെ അറിയുന്നതല്ലേ? ഞാൻ ലഹരി ഉപയോഗിക്കുമോ? മദ്യപിക്കുമോ? സിഗരറ്റ് പോലും ഉപയോഗിക്കാറില്ല. സിഗരറ്റ് വലിക്കുന്നവരെയോ മദ്യപിക്കുന്നവരെയോ ഞാൻ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അതൊരു പ്രൊഫഷനായി എടുക്കരുത്", ജി. സുധാകരൻ പറഞ്ഞു.
മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുദേവനും ശിവഗിരിയിൽ കൂടിക്കാഴ്ച നടത്തിയതിൻ്റെ നൂറാം വാർഷികത്തിൽ കെപിസിസി സംഘടിപ്പിച്ച സെമിനാറിലാണ് ഇടതു നേതാക്കളായ ജി. സുധാകരനും സി. ദിവാകരനും പങ്കെടുത്തത്. കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.എം. സുധീരൻ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.
അതേസമയം, അധിക ശമ്പളം വാങ്ങുന്നുവെന്ന ആരോപണത്തില്‍ കെ.വി. തോമസിന്റെ തുറന്ന കത്ത് ലഭിച്ചിട്ടില്ലെന്ന് ജി. സുധാകരൻ. തോമസ് തനിക്ക് കത്തയ്ക്കണ്ട കാര്യമില്ല. അയാൾ ഒരു ഘട്ടത്തിലും സ്വാധീനിച്ച വ്യക്തിയോ സുഹൃത്തോ അല്ലെന്നും സുധാകരൻ പറഞ്ഞു. തോമസ് കേരള രാഷ്ട്രീയത്തിൽ ഒന്നുമല്ലെന്നും സുധാകരൻ അറിയിച്ചു. പെൻഷൻ തുടർന്നും കിട്ടാൻ പ്രത്യേക പ്രതിനിധിക്കുള്ള പ്രതിഫലം വേണ്ടെന്ന് വെച്ച ആളാണ് താനെന്നായിരുന്നു കെ.വി. തോമസിന്റെ തുറന്ന കത്ത്. തോമസ് അധിക ശമ്പളം കൈപ്പറ്റുന്നുവെന്ന് സുധാകരന്‍ ആരോപിച്ചിരുന്നു.
എന്നാല്‍, 30 ലക്ഷം രൂപ ശമ്പളം വാങ്ങുന്നുവെന്ന് ജി. സുധാകരൻ പറഞ്ഞത് അടിസ്ഥാനരഹിതമാണെന്നാണ് കെ.വി. തോമസിന്റെ നിലപാട്. താൻ അധ്യാപകർക്കും ജനപ്രതിനിധികൾക്കും അനുവദിച്ച പെൻഷൻ വാങ്ങുന്ന വ്യക്തിയാണ്. മാസതോറും ലഭിക്കുന്നത് 1,25,000 രൂപ പെൻഷനാണ്. ഡൽഹിയിലെ പ്രതിനിധി എന്ന നിലയിൽ ക്യാബിനെറ്റ് റാങ്കിൽ ഒരു മന്ത്രിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും തനിക്ക് ആവശ്യപ്പെടാമായിരുന്നു. അങ്ങനെ വന്നാൽ നിലവിലുള്ള പെൻഷൻ വേണ്ടെന്ന് വയ്‌ക്കേണ്ടി വരും. പ്രത്യേക പ്രതിനിധിയുടെ കാലയളവ് കഴിയുമ്പോൾ പെൻഷൻ പുനസ്ഥാപിക്കുന്നത് എളുപ്പമല്ല. അതിനാലാണ് പ്രതിഫലം വേണ്ടെന്നു വച്ചതെന്നും കെ.വി. തോമസ് വ്യക്തമാക്കി.