NEWSROOM

ഇന്ത്യ- പാക് സംഘർഷം: ഇരുരാജ്യങ്ങളും സംയമനം പാലിക്കണം, അപലപിച്ച് ജി7 രാജ്യങ്ങൾ

"ഇരുരാജ്യങ്ങളിലെയും സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ട്"

Author : ന്യൂസ് ഡെസ്ക്

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ജി7 രാജ്യങ്ങൾ പ്രസ്താവന പുറത്തിറക്കി. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും സംഘ‍ർഷം മേഖലയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും ജി7 രാജ്യങ്ങളുടെ പ്രസ്ഥാവനയിൽ പറയുന്നു. ഇരുരാജ്യങ്ങളിലെയും സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. നയതന്ത്ര ചർച്ചകളിലൂടെ ഇരുരാജ്യങ്ങളും പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ജി7ൻ്റെ പ്രസ്ഥാവനയിൽ പറയുന്നു. കൂടുതൽ സംഘർഷങ്ങൾ തടയുന്നതിനും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിനും നേരിട്ടുള്ള ച‍ർച്ചയിൽ ഏർപ്പെടാൻ ജി7 പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളിലെ ജി7 വിദേശകാര്യ മന്ത്രിമാരായ ഞങ്ങളും യൂറോപ്യൻ യൂണിയന്റെ ഉന്നത പ്രതിനിധിയും ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു. കൂടുതൽ സൈനിക സംഘർഷം പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. ഇരുവശത്തുമുള്ള സാധാരണക്കാരുടെ സുരക്ഷയിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണെന്നും ജി 7 പ്രസ്ഥാവനയിൽ പറയുന്നു.

അതേസമയം, ഇന്ത്യ- പാക് സംഘർഷം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ത്യയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടിട്ടും പാകിസ്ഥാൻ ആക്രമണം തുടരുകയാണ്. ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഡ്രോൺ ആക്രമണം നടത്തിയത്. എന്നാൽ, പാക് ഡ്രോണുകളെ തകർത്തെറിഞ്ഞാണ് ഇന്ത്യ പ്രതിരോധം തീ‍ർത്തത്. ജമ്മുവിലേക്ക് മാത്രം എത്തിയത് നൂറോളം ഡ്രോണുകളെന്നും റിപ്പോർട്ടുണ്ട്.

പൂഞ്ച്, രജൗരി മേഖലകളിൽ കനത്ത ഷെല്ലാക്രമണം തുടരുകയാണ്. പാകിസ്ഥാൻ്റെ ഫതാ 1 മിസൈൽ വെടിവെച്ചിട്ടെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ബാരമുള്ളയിൽ വൻ പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോ‍ർട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കാൻ പത്ത് മണിക്ക് നിർണായക വാർത്താ സമ്മേളനം നടത്തും. പ്രതിരോധമന്ത്രി രാജ്നാഥ് സിങും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഒരുമിച്ച് മാധ്യമങ്ങളെ കാണും. സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

SCROLL FOR NEXT