അസമിലെ ഡൂംഡൂമയില്‍ മഹാത്മാ ഗാന്ധി പ്രതിമ 
NEWSROOM

അസമില്‍ ഗാന്ധി പ്രതിമ നീക്കം ചെയ്തു ; തന്‍റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി

പ്രതിമ നീക്കം ചെയ്ത നടപടിയില്‍ മഹാത്മ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി ബിജെപി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ചു

Author : ന്യൂസ് ഡെസ്ക്

അസമിലെ ഡൂം ഡൂമയില്‍ മഹാത്മാ ഗാന്ധി പ്രതിമ നീക്കം ചെയ്തു. പെട്ടെന്നുണ്ടായ നടപടിയില്‍ വിദ്യാര്‍ഥി നേതാക്കള്‍ പ്രതിഷേധിച്ചു. രണ്ട് ദിവസം മുന്‍പാണ് അഞ്ചര അടി നീളമുള്ള ഗാന്ധി പ്രതിമ ടൗണിലെ ഗാന്ധി ചൗക്കില്‍ നിന്നും എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നീക്കം ചെയ്തത്. നഗര സൗന്ദര്യവൽക്കരണത്തിന്‍റെ ഭാഗമായി ക്ലോക്ക് ടവര്‍ നിര്‍മിക്കാനാണ് പ്രതിമ നീക്കം ചെയ്തതെന്നാണ് ജില്ലാ അധികാരികള്‍ പറയുന്നത്.

എന്നാല്‍, പ്രതിമ നീക്കം ചെയ്യാനുള്ള തീരുമാനം താന്‍ അറിഞ്ഞിട്ടില്ലായെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ പ്രതികരണം. "ജില്ലാ ഭരണകൂടം എടുത്ത തീരുമാനത്തെപ്പറ്റി എനിക്ക് അറിവില്ല. അസം മഹാത്മാ ഗാന്ധിയോട് ഏറെ കടപ്പെട്ടിരിക്കുന്നു. നെഹ്രുവിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, ഗ്രൂപ്പിങ് പ്ലാന്‍ പ്രകാരം അസമിനെ പാക്കിസ്ഥാനുമായി കൂട്ടിച്ചേർക്കാൻ തീരുമാനിച്ചപ്പോള്‍ ഭാരത രത്‌ന ഗോപിനാഥ് ബൊര്‍ദോളോയ്‌ക്കൊപ്പം ശക്തമായി നിലയുറപ്പിച്ചത് ഗാന്ധിയാണ്."

ക്ലോക്ക് ടവര്‍ നിര്‍മിക്കാനായി ഗാന്ധി പ്രതിമ നീക്കം ചെയ്ത നടപടിയില്‍ ആള്‍ അസം സ്റ്റുഡന്‍റ് യൂണിയന്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിമ നീക്കം ചെയ്ത നടപടിയില്‍ മഹാത്മ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ചു. "ബാപ്പുവിന്‍റെ പ്രതിമ മാറ്റി ക്ലോക്ക് ടവര്‍ സ്ഥാപിക്കാന്‍ അസമിലെ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചതില്‍ ആതിശയിക്കാനില്ല", തുഷാര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധം ശക്തമായപ്പോള്‍ ആറു മാസത്തിനുള്ളില്‍ പുതിയ പ്രതിമ അതേ സ്ഥലത്ത് സ്ഥാപിക്കുമെന്ന് ഡൂം ഡൂമയിലെ ബിജെപി എംഎല്‍എ രൂപേഷ് ഗൊവാല പറഞ്ഞു.

SCROLL FOR NEXT