NEWSROOM

ജനറല്‍ ആശുപത്രിയില്‍ കൂട്ടബലാത്സംഗം; ബസ് സ്റ്റാന്‍ഡിന് പുറത്ത് കാറിനുള്ളിലും പീഡനം; പത്തനംതിട്ട കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2024 ജനുവരിയിലാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ടയില്‍ കായിക താരം പീഡനത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍വെച്ച് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന് പുറത്ത് കാറിനുള്ളില്‍ വെച്ചും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.


കാറിനുള്ളില്‍ രണ്ട് പേര്‍ ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. ശേഷം വീടിനു സമീപം ഇറക്കിവിട്ടു. 2024 ജനുവരിയിലാണ് ജനറല്‍ ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. പത്തനംതിട്ട കേസില്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടയാള്‍ കാറില്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പത്തനംതിട്ട ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് പ്രതികളില്‍ പലരും പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ചത്.

പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നാണ് സൂചന. നിലവില്‍ 28 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഡിഐജി അജിതാ ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ 25 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 62 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ അച്ഛന്റെ ഫോണ്‍ വഴി പെണ്‍കുട്ടിയെ ബന്ധപ്പെട്ടിരുന്നവരാണ് നിലവില്‍ പൊലീസിന്റെ പിടിയിലായത്.

ഇപ്പോള്‍ പതിനെട്ട് വയസുള്ള പെണ്‍കുട്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായിരുന്നു നേരിടുന്ന പീഡന കഥകളാണ് വെളിപ്പെടുത്തിയത്. 62 പേര്‍ ലൈംഗികമായി ചൂഷണത്തിനിരയാക്കിയെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ കുട്ടിയുടെ കായികാധ്യാപകരും സഹപാഠികളും അയല്‍വാസികളുമെല്ലാം ഉള്‍പ്പെടുന്നു. പീഡിപ്പിച്ചവരുടെ വിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയില്‍ എഴുതി വെച്ചിരുന്നു. സ്‌കൂളില്‍ വച്ചും കായിക ക്യാമ്പില്‍ വച്ചും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സ്‌കൂള്‍ കൗണ്‍സിലിങ്ങിനിടെയായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

SCROLL FOR NEXT