NEWSROOM

പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; എഫ്ഐആർ പകർപ്പ് പുറത്ത്

കനിവുൾപ്പെടുന്ന സംഘത്തിൽ നിന്ന് 3ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ് പിടിച്ചെടുത്തതെന്ന് എഫ്ഐആറിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്



പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിലെ എഫ്ഐആറിൻ്റെ പകർപ്പ് പുറത്ത്. പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമെന്നാണ് എഫ്ഐആർ. കേസിൽ ഒൻപതാം പ്രതിയാണ് കനിവ്.

കനിവുൾപ്പെടുന്ന സംഘത്തിൽ നിന്ന് 3ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ് പിടിച്ചെടുത്തതെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതിഭയുടെ മകനടക്കം ഉള്ളവർക്കെതിരെ എക്സൈസ് ചട്ടം 27-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് ഇരുന്ന് പരസ്യമായി കഞ്ചാവ് വലിച്ചെന്നാണ് കേസ്. ഇത് ജാമ്യം കിട്ടുന്ന വകുപ്പാണ്. മൂന്ന് ഗ്രാം കഞ്ചാവ് മാത്രമാണ് ഇവരിൽ നിന്ന് കണ്ടെത്തിയതെന്ന് എക്സൈസ് റിപ്പോർട്ട്.

മകനെതിരെ ഉള്ളത് വ്യാജ വാർത്തയാണെന്ന വിശദീകരണവുമായി ഫേസ് ബുക്ക്‌ ലൈവിലൂടെ യു. പ്രതിഭ എംഎൽഎ രംഗത്ത് എത്തിയിരുന്നു. സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്നും യു. പ്രതിഭ ലൈവിൽ പറഞ്ഞു. മാധ്യമങ്ങൾ കള്ളവാർത്ത നൽകിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎൽഎ യുടെ വാദം.



SCROLL FOR NEXT