NEWSROOM

യദു കൃഷ്ണനെതിരായ കഞ്ചാവ് കേസ്: ഉദ്യോഗസ്ഥ ഗൂഢാലോചനയില്ല, സിപിഎം ആരോപണം തള്ളി എക്സൈസ്

യുവമോർച്ച ബന്ധമുള്ള ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി കള്ളക്കേസ് എടുത്തുവെന്നായിരുന്നു സിപിഎം ആരോപണം. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യദു കൃഷ്ണൻ പരാതി നൽകി.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴയിൽ അടുത്തിടെ സിപിഎമ്മിൽ ചേർന്ന യുവാവിൻ്റെ പേരിൽ വ്യാജ കഞ്ചാവ് കേസ് ചുമത്തിയതിന് പിന്നിൽ ഉദ്യോഗസ്ഥ തലത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന സിപിഎം ആരോപണം തള്ളി എക്സൈസ്. മൈലാടുംപാറ സ്വദേശി യദുകൃഷ്ണൻ്റെ പക്കൽ നിന്ന് കഞ്ചാവും, വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും, പത്തനംതിട്ട എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. അസീസ് എന്ന ഉദ്യോഗസ്ഥൻ സംഘത്തിൽ ഉണ്ടായിരുന്നു. കഞ്ചാവ് പിടികൂടിയതും കേസ് എടുത്തതുമെല്ലാം ഇൻസ്പെക്ടറാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് പത്തനംതിട്ട എക്സൈസ് വിഭാഗം റിപ്പോർട്ട് നൽകി.

അതേസമയം, യുവമോർച്ച ബന്ധമുള്ള ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി കള്ളക്കേസ് എടുത്തുവെന്നായിരുന്നു സിപിഎം ആരോപണം. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യദു കൃഷ്ണൻ പരാതി നൽകി. തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് യദു ആരോപിക്കുന്നത്. തൻ്റെ പക്കൽ നിന്നും കഞ്ചാവ് പിടികൂടിയിട്ടില്ല. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകിയെന്നും യദു അറിയിച്ചു.

യദു കൃഷ്ണനെ എക്സൈസ് ഉദ്യോഗസ്ഥൻ കേസിൽ പെടുത്തിയതാണെന്നാണ് സിപിഎം നേതൃത്വം നൽകുന്ന വിശദീകരണം. യുവമോർച്ച ബന്ധമുള്ള അസീസ് എന്ന എക്സൈസ് ഉദ്യോഗസ്ഥൻ മനപ്പൂർവമാണ് കേസിൽപ്പെടുത്തിയത്. യദുവിന്റെ കയ്യിൽ നിന്നും കഞ്ചാവ് കണ്ടെത്തിയിട്ടില്ല. ഇതിനെതിരെ പൊലീസിന് പരാതി നൽകും. ജില്ലയിലെ പാർട്ടിക്കെതിരെയുള്ള സംഘടിതമായ ഗൂഢാലോചനയാണ് ഓരോ കേസുകളും. പാർട്ടിയിലേക്ക് കടന്നുവന്ന ഓരോ അംഗങ്ങൾക്കെതിരെയും ഇതുപോലെ കള്ള കേസുണ്ടാകാൻ സാധ്യതയുണ്ടെന്നും സിപിഎം നേതൃത്വം വിശദീകരണം നൽകിയിരുന്നു.

സിപിഎം ആരോപണം തള്ളി എക്സൈസ് ഓഫീസർ അസീസും രംഗത്തെത്തി. "എനിക്കൊരു രാഷ്ട്രീയവുമില്ല,സർക്കാർ ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ ബന്ധം പാടില്ല. ആരോപണങ്ങളെ തുടർന്ന് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായി. 23 വർഷമായി ജോലി ചെയ്യുന്നു. 2022ൽ മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചിട്ടുണ്ട്. പിന്തുണയ്ക്ക് പകരമായി ലഭിക്കുന്നത് ആരോപണം മാത്രമാണ്," അസീസ് പറഞ്ഞു. കഴിഞ്ഞ ദിവസം യദു കൃഷ്ണനെ രണ്ടു ഗ്രാം കഞ്ചാവുമായി പിടിച്ച സംഘത്തിൽ അസീസും ഉണ്ടായിരുന്നു.

SCROLL FOR NEXT