ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണമുയർന്നതിനെ തുടർന്ന് ഇന്‍ഡോറില്‍ 35 വര്‍ഷമായി മുസ്ലീം സംഘടനകള്‍ നടത്തുന്ന ഗര്‍ബ ആഘോഷം റദ്ദാക്കി. ഇൻഡോറിലെ ഭാവാർകുവ പരിസരത്താണ് ഈ ആഘോഷം നടക്കുന്നത്. ശിഖർ ഗർബാ മണ്ഡലാണ് ഇവിടുത്തെ വിഗ്രഹ പ്രതിഷ്‌ഠയുടേയും അനുബന്ധ കാര്യങ്ങളുടേയും ചുമതല വഹിക്കുന്നത്. എന്നാൽ പരിപാടിയുടെ സംഘാടകനായ ഫിറോസ് ഖാൻ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ബജ്റംഗ് ദള്‍ രംഗത്തെത്തിയത്. ഇതോടെ പ്രശ്നം വഷളാവുകയായിരുന്നു.
35 വർഷമായി ഈ പരിപാടി ഇവിടെ നടക്കുന്നുണ്ടെന്നും 25 വർഷമായി ഇതിൻ്റെ ഭാഗമാണെന്നും , കൂടാതെ കഴിഞ്ഞ 15 വർഷമായി പരിപാടിയുടെ സംഘാടകനും സജീവ പ്രവർത്തകനുമാണെന്നും പരിപാടിയുടെ സംഘാടകനായ ഫിറോസ് ഖാൻ പറഞ്ഞു. ഇത്തരമൊരു പ്രശ്‌നം ഇതിന് മുമ്പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലെന്നും ഫിറോസ് ഖാൻ വ്യക്തമാക്കി. ഹിന്ദു സ്ത്രീകളും മുസ്ലീം പുരുഷന്മാരും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കാൻ ഗർബ പരിപാടിയെ ആയുധമാക്കുന്നുവെന്ന് ആരോപിച്ച് ബജ്റംഗ്ദൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് മൂന്നര പതിറ്റാണ്ടായി ഇൻഡോറിൽ നടക്കുന്ന പരിപാടി റദ്ദാക്കിയത്.