NEWSROOM

"ഓരോ ആരോപണങ്ങളും ഞങ്ങളെ കൂടുതൽ ശക്തരാക്കുന്നു"; അമേരിക്കൻ കുറ്റാരോപണത്തിൽ പ്രതികരണവുമായി അദാനി

നേരത്തെ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, സീനിയർ എക്‌സിക്യൂട്ടീവ് വിനീത് ജെയിൻ എന്നിവർ കുറ്റക്കാരല്ലെന്ന വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കൈക്കൂലിയുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഇതാദ്യമായല്ല യുഎസ് നീതിന്യായ വകുപ്പ് അദാനി ഗ്രൂപ്പിനെതിരെ നിയമനടപടി സ്വീകരിക്കുന്നതെന്നായിരുന്നു അദാനിയുടെ പ്രസ്താവന. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന 51-ാമത് ജെം ആൻഡ് ജ്വല്ലറി അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദാനി.

"നിങ്ങൾക്കെല്ലാം അറിയാവുന്നത് പോലെ, യുഎസിൽ നിന്ന് അദാനി ഗ്രീൻ എനർജിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതാദ്യമല്ല ഞങ്ങൾ ഇത്തരം വെല്ലുവിളികൾ നേരിടുന്നത്. എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ, ഓരോ ആക്രമണവും ഞങ്ങളെ ശക്തരാക്കുന്നു, ഓരോ തടസ്സങ്ങളും അദാനി ഗ്രൂപ്പിന് കൂടുതൽ പ്രതിരോധശേഷി ലഭിക്കാനുള്ള ചവിട്ടുപടിയായി മാറുന്നു," ഗൗതം അദാനി പറഞ്ഞു.

നിരവധി നെഗറ്റീവ് റിപ്പോർട്ടുകളുണ്ടായിരുന്നിട്ട് പോലും, ഫോറിൻ കറപ്ഷൻ പ്രാക്ടീസ് ആക്ട് (എഫ്‌സിപിഎ) ലംഘനത്തിനോ നീതിയെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഗൂഢാലോചനയുടെ പേരിലോ, അദാനി ഗ്രൂപ്പിൻ്റെ ഭാഗത്ത് നിന്നുള്ള ആരുടെയും പേരിൽ കുറ്റം ചുമത്തിയിട്ടില്ല എന്നതാണ് വസ്തുത. എന്നാൽ, ഇന്നത്തെ ലോകത്ത് വസ്തുതകളേക്കാൾ വേഗത്തിൽ വ്യാജ വാർത്തകൾ പടരുന്നു. നിയമനടപടികളിലൂടെ പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പിൻ്റെ,  റെഗുലേറ്ററി നിയമങ്ങൾ പാലിക്കാനുള്ള പ്രതിബദ്ധതയിൽ വേരൂന്നി പ്രവർത്തിക്കുമെന്നും അദാനി പറഞ്ഞു.

ALSO READ: "യുഎസ് കുറ്റപത്രത്തിൽ അദാനിക്കും, അനന്തരവനുമെതിരെ കൈക്കൂലി കുറ്റം ചുമത്തിയിട്ടില്ല"; വിശദീകരണവുമായി അദാനി ഗ്രൂപ്പ്


നേരത്തെ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, സീനിയർ എക്‌സിക്യൂട്ടീവ് വിനീത് ജെയിൻ എന്നിവർ കുറ്റക്കാരല്ലെന്ന വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. അദാനി ഗ്രീൻ എന്ന കമ്പനിയെ കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും അദാനി ഗ്രൂപ്പ് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞിരുന്നു.

ഗൗതം അദാനി, സാഗർ അദാനി, വിനീത് ജെയിൻ എന്നിവർക്കെതിരെ എഫ്‌സിപിഎ പ്രകാരം, അമേരിക്കൻ നീതിന്യായ വകുപ്പിൻ്റെ കുറ്റപത്രത്തിലോ, എസ്ഇസിയുടെ സിവിൽ പരാതിയിലോ കുറ്റം ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. നീതിന്യായ വകുപ്പിൻ്റെ കുറ്റപത്രത്തിൽ അദാനി ഗ്രൂപ്പിനെതിരെ അഞ്ച് കുറ്റങ്ങൾ ഉൾപ്പെടുന്നുണ്ട്. ഈ കുറ്റങ്ങളിൽ എഫ്‌സിപിഎ ലംഘിക്കാനുള്ള ഗൂഢാലോചന, നീതിയെ തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന എന്നിവയിൽ ഗ്രൂപ്പ് ഡയറക്ടർമാരായ ഗൗതം അദാനി, സാഗർ അദാനി, വിനീത് ജെയിൻ എന്നിവരുടെ പേര് പരാമർശിക്കുന്നില്ലെന്നും പ്രസ്താവനയിലൂടെ അദാനി ഗ്രൂപ്പ് അവകാശപ്പെട്ടു.

സൗരോർജ പദ്ധതികളുമായി ബന്ധപ്പെട്ട് കരാർ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നായിരുന്നു അദാനിക്കെതിരെയുള്ള കേസ്. യുഎസിലെ നിക്ഷേപകരിൽ നിന്ന് അഴിമതി മറച്ചുവെച്ചെന്നും കുറ്റപത്രത്തിൽ പറഞ്ഞതായി റിപ്പോർട്ടുകൾ എത്തിയിരുന്നു. ഗൗതം അദാനിക്കെതിരെ അഴിമതിക്കും വഞ്ചനയ്ക്കുമാണ് ന്യൂയോർക്ക് കോടതി കുറ്റം ചുമത്തിയത്.


20 വർഷത്തിനുള്ളിൽ രണ്ട് ബില്യൺ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ വിതരണകരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കരാർ ലഭിക്കാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകാൻ അദാനിയും അനന്തരവൻ സാഗർ അദാനിയും ഉൾപ്പെടെ ഏഴ് പേർ ശ്രമിച്ചതായി യുഎസ് പ്രോസിക്യൂട്ടർമാർ പറയുന്നു. ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നും കേസുണ്ടായിരുന്നു. ഗൗതം അദാനിക്കൊപ്പം, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സാഗര്‍ അദാനി, വിനീത് ജെയ്‌ൻ എന്നിവർക്കെതിരെയായിരുന്നു കേസ്.



SCROLL FOR NEXT