NEWSROOM

ഓഹരിവിപണിയില്‍ തകർന്നടിഞ്ഞ് ഗൗതം അദാനി; ആസ്തിയിൽ ഒറ്റദിവസം ഉണ്ടായത് ഒരു ലക്ഷം കോടിയുടെ ഇടിവ്

ആറേകാൽ മണിക്കൂർ കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ കുറവാണ്  ഗൗതം അദാനിയുടെ ഓഹരിയില്‍ രേഖപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

നിക്ഷേപ തട്ടിപ്പ്-കൈക്കൂലി കേസുകളില്‍ യുഎസില്‍ വിചാരണാ നടപടി ആരംഭിച്ചതിനു പിന്നാലെ ഗൗതം അദാനിയുടെ ആസ്തിയിൽ ഒറ്റദിവസം ഉണ്ടായത്  ഒരു ലക്ഷം കോടി രൂപയുടെ ഇടിവ്. ചരിത്രത്തിൽ തന്നെ ഒറ്റദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവുകളിൽ ഒന്നാണ് ഇന്ന് അദാനി ഗ്രൂപ്പിന്‍റെ ആസ്തിയിൽ രേഖപ്പെടുത്തിയത്.

രാവിലെ ഒൻപതേകാലിന് നിഫ്റ്റി തുറക്കാനുള്ള മണി അടിക്കുമ്പോൾ ഗൗതം അദാനിയുടെ ആസ്തി 5.89 ലക്ഷം കോടി രൂപയായിരുന്നു. വൈകിട്ട് മൂന്നരയ്ക്ക് വിപണി അടയ്ക്കുമ്പോൾ ആ ആസ്തി 4.85 ലക്ഷം കോടി രൂപയായി കുറഞ്ഞു. ആറേകാൽ മണിക്കൂർ കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ കുറവാണ്  ഗൗതം അദാനിയുടെ ഓഹരിയില്‍ രേഖപ്പെടുത്തിയത്. ലോകചരിത്രത്തിൽ തന്നെ ഇത്ര വലിയ വീഴ്ച അസാധാരണമാണ്. ഫോബ്സിന്‍റെ റിയൽടൈം ബില്യണർ പട്ടികയിൽ ഇരുപത്തിയഞ്ചാം സ്ഥാനത്തേക്കും ഗൗതം അദാനി വീണു. ഗൗതം അദാനിക്കു മാത്രമല്ല കുടുംബത്തിലെ വലിയ ഓഹരി ഉടമയായ വിനോദ് അദാനിക്കും മക്കൾക്കും മരുമക്കൾക്കുമെല്ലാം ആസ്തിയിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

Also Read: 'സൗരോർജ കരാർ ലഭിക്കാൻ കോടികൾ കൈക്കൂലി നൽകി'; അദാനിക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് ന്യൂയോർക്ക് കോടതി

രണ്ടായിരം കോടി രൂപ കൈക്കൂലി കൊടുത്ത് സൗരോർജ കരാർ നേടി എന്ന് യുഎസിലെ കുറ്റപത്രത്തിൽ ആരോപണം നേരിട്ട അദാനി ഗ്രീൻ എനർജിയുടെ ഓഹരി മൂല്യത്തിൽ 20 ശതമാനമാണ് ഇടിവ്. 20 ശതമാനത്തിൽ അധികം ഒരു ദിവസം വിറ്റൊഴിക്കാൻ ചട്ടം അനുവദിക്കുന്നില്ല എന്നതിനാൽ മാത്രമാണ് വീഴ്ച അവിടെ അവസാനിച്ചത്. അദാനി പോർട്സ്, അദാനി എനർജി സൊല്യൂഷൻസ് എന്നിവയുടെ ഓഹരികളിലും 20 ശതമാനം ഇടിവുണ്ടായി. ഗൗതം അദാനിയുടെ വ്യക്തിപരമായ ആസ്തിയിൽ ഒരു ലക്ഷം കോടിയുടെ ഇടിവ് ഉണ്ടായപ്പോൾ അദാനി ഗ്രൂപ്പിന്‍റെ വിപണി മൂല്യത്തിൽ ഒരു ദിവസമുണ്ടായ ഇടിവ് രണ്ടു ലക്ഷം കോടി രൂപയുടേതാണ്.

അതേസമയം, കൈക്കൂലി കേസിൽ ഗൗതം അദാനിക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിരിക്കുകയാണ് ന്യൂയോർക്ക് കോടതി. സൗരോർജ പദ്ധതികളുമായി ബന്ധപ്പെട്ട് കരാർ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് കേസ്. യുഎസിലെ നിക്ഷേപകരിൽ നിന്ന് അഴിമതി മറച്ചുവെച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ഗൗതം അദാനിക്കെതിരെ അഴിമതിക്കും വഞ്ചനയ്ക്കും ന്യൂയോർക്ക് കോടതി കുറ്റം ചുമത്തിയിരുന്നു. 20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ വിതരണകരാറുകൾ നേടാൻ കൈക്കൂലി ഇടപാടുകൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നും കേസുണ്ട്. ഗൗതം അദാനിക്കൊപ്പം, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സാഗര്‍ അദാനി, വിനീത് ജെയ്‌ൻ എന്നിവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

SCROLL FOR NEXT