NEWSROOM

എന്റെ സര്‍നെയിം ഒരു ജാതിയുമായും ബന്ധപ്പെട്ടതല്ല: എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്ന് ഗൗതം വാസുദേവ് മേനോന്‍

ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് ഗൗതം മേനോന്‍ അദ്ദേഹം നടത്തിയ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി

Author : ന്യൂസ് ഡെസ്ക്


സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ അടുത്തിടെ ജാതി വിവേചനത്തെ കുറിച്ച് സംസാരിക്കുന്ന സിനിമകളെ കുറിച്ച് സംസാരിച്ചിരുന്നു. അത്തരം സിനിമകള്‍ ഇന്നത്തെ കാലത്ത് പ്രസക്തമല്ലെന്നാണ് ഗൗതം മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇന്ന് ജാതി വിവേചനമില്ലെന്നും അതുകൊണ്ടാണ് സംവിധായകര്‍ അത്തരം സിനിമകള്‍ 80കളിലും 90കളിലും പ്ലെയ്‌സ് ചെയ്യുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്ത് ദുരഭിമാന കൊലയും ജാതി വിവേചനവും തുടരുന്ന സാഹചര്യത്തിലാണ് ഗൗതം മേനോന്‍ ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. അത് സമൂഹമാധ്യമത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് ഗൗതം മേനോന്‍ അദ്ദേഹം നടത്തിയ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി.

തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നാണ് ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവെ ഗൗതം മേനോന്‍ പറഞ്ഞത്. 'ഞാന്‍ എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്. എന്റെ സര്‍നെയിം ഒരു ജാതിയുമായും ബന്ധപ്പെട്ടതല്ല', എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാതി വിവേചനത്തെ കുറിച്ച് സംസാരിക്കുന്ന സിനിമകള്‍ സമൂഹത്തില്‍ ഭിന്നത വര്‍ദ്ധിപ്പിക്കുമെന്ന് താന്‍ ആശങ്കപ്പെടുന്നുണ്ടെന്നും ഗൗതം മേനോന്‍ പറഞ്ഞു.

അടുത്തിടെ വരുന്ന സിനിമകള്‍ ജാതി പ്രശ്‌നങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചവയാണ്. തനിക്ക് കൂടുതല്‍ വ്യത്യസ്തമായ സിനമകള്‍ ആണ് കാണേണ്ടത്. തുടര്‍ച്ചയായി ജാതി വിവേചനത്തെ കുറിച്ച് സംസാരിച്ചാല്‍ അത് വിവേചനം കൂട്ടുമെന്നും ഗൗതം മേനോന്‍ അഭിപ്രായപ്പെട്ടു. അത്തരം കഥകളുടെ പ്രാധാന്യം കുറയ്്്ക്കുക എന്നതല്ലായിരുന്നു എന്റെ ഉദ്ദേശ്യം. പണ്ടത്തെ കാര്യങ്ങള്‍ പറയുന്നതിന് പകരം ഇന്നത്തെ സമൂഹവുമായി ബന്ധപ്പെട്ട കഥകളാണ് പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

'എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. അത്തരം കഥകള്‍ 80കളിലും 90കളിലും കേന്ദ്രീകരിച്ചാണ് വരുന്നതെന്നാണ് ഞാന്‍ പറഞ്ഞത്. എനിക്ക് കാണേണ്ടത് ഇന്നത്തെ കഥകളാണ്', ഗൗതം മേനോന്‍മ പറഞ്ഞു.

SCROLL FOR NEXT