ഹമാസുമായുള്ള വെടിനിർത്തൽ കരാർ ചർച്ചയ്ക്കായി ഇസ്രായേൽ പ്രതിനിധി സംഘം അടുത്തയാഴ്ച വീണ്ടും ദോഹയിലെത്തും. ഇസ്രയേൽ ചാര ഏജൻസിയായ മൊസാദിന്‍റെ മേധാവി ഡേവിഡ് ബാർണിയ മധ്യസ്ഥരുമായി കഴിഞ്ഞ ദിവസം വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ചർച്ച നടത്തിയെങ്കിലും പുരോഗതിയൊന്നുമുണ്ടായിട്ടില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്.
ആഴ്ചകൾക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡൻ മുന്നോട്ടുവച്ച മൂന്ന് ഘട്ട നിർദേശങ്ങളോട് ഹമാസ് പ്രതികരിച്ചതിന് ശേഷമാണ് കരാറിനുള്ള പ്രതീക്ഷ ഉയർന്നത്. ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്നതിനിടെയാണ് വെടിനിർത്തൽ കരാർ പുനഃസ്ഥാപിക്കാൻ ഇരുവിഭാഗങ്ങളും തയാറായിരിക്കുന്നത്. വെള്ളിയാഴ്ച മൊസാദ് മേധാവിയുടെ നേതൃത്വത്തിൽ ദോഹയിൽ നടന്ന ചർച്ചയുടെ തുടർച്ചയായാണ് രണ്ടാം ഘട്ട ചർച്ചകൾക്ക് ധാരണയായത്. താൽക്കാലിക വെടിനിർത്തൽ, സഹായ വിതരണം, ഇസ്രയേൽ സൈന്യത്തെ പിൻവലിക്കൽ എന്നിവയ്ക്ക് മധ്യസ്ഥർ ഉറപ്പുനൽകുമെന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്. രണ്ടാംഘട്ട ചർച്ചകള്‍ അവസാനിക്കുന്നതിന് മുൻപ് ബന്ദികളെ മോചിപ്പിക്കാനുള്ള ധാരണ അന്തിമമാകുമെന്നും ഹമാസ് നേതാക്കൾ പറഞ്ഞു. എന്നാൽ ചർച്ചകൾ തുടരുന്നതിനിടെ വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പലസ്തീൻ മാധ്യമ പ്രവർത്തകർ ഉൾപ്പടെ 27 പേരാണ് കൊല്ലപ്പെട്ടത്.
മധ്യ ഗാസയിലെ ബുറൈജ് അഭയാർഥി ക്യാമ്പിൻ്റെ കിഴക്കൻ ഭാഗത്തുള്ള നുസെയ്റാത്ത്, മാഗാസി അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ ഹെലികോപ്റ്ററുകൾ അക്രമണം നടത്തി. കിഴക്കൻ ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിലെ രണ്ടര ലക്ഷത്തോളം ആളുകൾ ഉടനെ ഒഴിയണമെന്ന് ഇസ്രയേൽ സൈന്യം ഉത്തരവിട്ടിരുന്നു. ഗാസയിലെ ആശുപത്രികളിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെയും, വെള്ളത്തിന്‍റെയും, ശുചിത്വ സൗകര്യങ്ങളുടെയും, ഇന്ധനത്തിന്‍റെയും ക്ഷാമം രൂക്ഷമാണ്. വടക്കൻ ജബാലിയ അഭയാർഥി ക്യാമ്പിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് വെള്ളം, പാർപ്പിടം, ഭക്ഷണം എന്നിവയുടെ ഗുരുതരമായ ദൗർലഭ്യമുണ്ടെന്നും യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ ഹിസ്ബുല്ലയുമായുള്ള യുദ്ധവും ഇസ്രയേൽ കടുപ്പിക്കുകയാണ്. ശനിയാഴ്ചയോടെ തെക്കൻ ലെബനനിലെ നിരവധി ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രയേല്‍ വ്യോമസേന അക്രമണം നടത്തി. കഫർകില മേഖലയിലെ സൈനിക കെട്ടിടത്തിലും തെക്കൻ ലെബനനിലെ ബിനത് ജബൽ, യാരിൻ പ്രദേശങ്ങളിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിലായിരുന്നു അക്രമണം.