NEWSROOM

ഗാസയില്‍ വെടിനിർത്തല്‍ വൈകുന്നു; ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍

അന്താരാഷ്ട്ര സമയം, പകല്‍ 6.30 ഓടെ മൂന്നുഘട്ടങ്ങളിലായുള്ള വെടിനിർത്തല്‍ കരാറിന്‍റെ ആദ്യഘട്ടം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്

Author : ന്യൂസ് ഡെസ്ക്

ഗാസ വെടിനിർത്തലിൽ അവസാന മണിക്കൂറിലും അനിശ്ചിതത്വം തുടരുന്നു. വെടിനിർത്തല്‍ വെെകുമെന്ന് ആശങ്കയിലാണ് ​മധ്യസ്ഥരും ​ഗാസയിലെ ജനങ്ങളും. ആദ്യ ഘട്ടത്തിന്റെ ഭാ​ഗമായി ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുവിവരങ്ങൾ ഹമാസ് കൈമാറാത്തതാണ് വെടിനിർത്തൽ വൈകാൻ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. ബന്ദികളെക്കുറിച്ച് വ്യക്തത ലഭിക്കാതെ വെടിനിർത്തല്‍ ആരംഭിക്കില്ലെന്നാണ് ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. വെടിനിർത്തൽ പ്രാബല്യത്തിൽ വരാത്തതിനാൽ ഗാസയില്‍ ആക്രമണം തുടരുന്നതായി ഇസ്രയേല്‍ പ്രതിരോധ സേനയും അറിയിച്ചു.

വെടിനിർത്തല്‍ കരാറിന്‍റെ ആദ്യഘട്ടത്തിന്‍റെ ഭാഗമായി ഒന്നാം ദിനമായ ഇന്ന് ബന്ദികളായ മൂന്ന് ഇസ്രയേൽ സിവിലിയൻ സ്ത്രീകളെ മോചിപ്പിക്കുമെന്നായിരുന്നു ഹമാസ് അറയിച്ചിരുന്നത്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ഹമാസ് വെളിപ്പെടുത്തിയില്ല. സാങ്കേതിക തടസങ്ങള്‍ മൂലമാണ് ബന്ദികളുടെ ലിസ്റ്റ് കൈമാറുന്നത് വൈകുന്നതെന്നാണ് ഹമാസ് പറയുന്നത്.

അതേസമയം, വടക്കൻ, മധ്യ ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഷെല്ലാക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ് ) സ്ഥിരീകരിച്ചു. ഡ്രോൺ ആക്രമണങ്ങള്‍ നടത്തിയതായും ഐഡിഎഫ് പറഞ്ഞു. ആക്രമണത്തിന്‍റെ ആഘാതത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ല.

"ഹമാസ് അതിന്റെ ബാധ്യതകൾ നിറവേറ്റുന്നില്ല, കരാറിന് വിരുദ്ധമായി (ഇന്ന് മോചിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന) ബന്ദികളുടെ പേരുകൾ ഇസ്രയേലിന് നൽകിയിട്ടില്ല. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം, ഹമാസ് കടമകൾ നിറവേറ്റാത്തിടത്തോളം കാലം വെടിനിർത്തൽ പ്രാബല്യത്തിൽ വരില്ല. കരാറിനോടുള്ള കടമകൾ ഹമാസ് നിറവേറ്റാത്തിടത്തോളം കാലം ഐഡിഎഫ് ഗാസയിൽ ആക്രമണം തുടരുകയാണ്," ഐഡിഎഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹഗാരി അറിയിച്ചു.

അന്താരാഷ്ട്ര സമയം, പകല്‍ 6.30 ഓടെ മൂന്നുഘട്ടങ്ങളിലായുള്ള വെടിനിർത്തല്‍ കരാറിന്‍റെ ആദ്യഘട്ടം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ബന്ദികളുടെ മോചനം, ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ നിന്നുള്ള ഇസ്രയേല്‍ സേനയുടെ പിന്മാറ്റം, വടക്കന്‍ ഗാസയിലേക്ക് കുടിയൊഴിക്കപ്പെട്ടവർക്ക് മടങ്ങാനുള്ള അവസരം, വർധിച്ച മാനുഷിക സഹായം എന്നിവയാണ് ആദ്യഘട്ടം നിർദേശിച്ചിരുന്നത്. ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായി ഹമാസിന്‍റെ പിടിയിലുള്ള 33 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി നൂറോളം വരുന്ന പലസ്തീന്‍ ബന്ദികളെ ഇസ്രയേലും കൈമാറാനായിരുന്നു കരാർ. ആദ്യ ദിനമായ ഇന്ന് മൂന്ന് സിവിലിയന്‍ വനിതകളെ ഹമാസ് മോചിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്.

SCROLL FOR NEXT