NEWSROOM

ഗാസയിലെ വെടിനിര്‍ത്തല്‍: ഹമാസ് നിര്‍ദേശങ്ങള്‍ യു.എസ് 'പരിശോധനയില്‍'

ഗാസയിൽ സമാധാനം പുനസ്ഥാപിക്കാന്‍ ഹമാസിനും ഇസ്രയേലിനും മേൽ സമ്മർദം ചെലുത്തി യു.എസ്

Author : ന്യൂസ് ഡെസ്ക്

യു,എൻ രക്ഷാ സമിതി മുന്നോട്ടുവെച്ച ഗാസയിലെ വെടിനിർത്തൽ പ്രമേയത്തിൽ, ഹമാസ് മുന്നോട്ടുവെച്ച നിർദേശങ്ങൾ പരിശോധിച്ചു വരികയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍. ഈജിപ്ത്, ഖത്തർ പ്രതിനിധികളുമായി നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് പ്രമേയത്തിൽ വരുത്തേണ്ട ഭേദഗതികൾ ഹമാസ് ഉന്നയിച്ചത്. യുദ്ധത്തിന്റെ സമ്പൂർണ വിരാമമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഹമാസ് പ്രതിനിധി മധ്യസ്ഥരെ അറിയിച്ചു. വെടിനിർത്തൽ, ഗാസയിൽ നിന്നുമുള്ള ഇസ്രയേൽ സേനയുടെ പിന്മാറ്റം, പുനർനിർമാണം, ബന്ദികളുടെ കൈമാറ്റം എന്നിവയാണ് നിർദേശത്തിലെ പ്രധാന ആവശ്യങ്ങൾ എന്ന് ഹമാസ് വക്താവ് ജിഹാദ് താഹ പറഞ്ഞു.

പ്രമേയത്തിൽ ഇസ്രയേൽ പ്രധാനമന്ത്രിയുടെ പൂർണ പിന്തുണയുണ്ടെന്നാണ് മധ്യപൂർവ രാജ്യങ്ങളിൽ പര്യടനം നടത്തുന്ന ബ്ലിങ്കെന്‍ ഉറപ്പിച്ചു പറയുന്നത്. ഇസ്രയേൽ പ്രതിപക്ഷ നേതാക്കളെയും ബന്ദികളുടെ കുടുംബങ്ങളെയും ബ്ലിങ്കെന്‍ സന്ദർശിച്ചിരുന്നു. മാനുഷിക പരിഗണനയുടെ ഭാഗമായി ഗാസയ്ക്കായി 414 മില്യൺ ഡോളർ അധിക ഫണ്ട് പ്രഖ്യാപിച്ച ബ്ലിങ്കെന്‍ മറ്റു രാജ്യങ്ങളോട് സഹായങ്ങളുമായി മുന്നോട്ട് വരാൻ ആഹ്വാനവും ചെയ്തു. തിങ്കളാഴ്ച ഈജിപ്ത് സന്ദർശിച്ച ബ്ലിങ്കെന്‍ ഉടനെ തന്നെ ഖത്തറിലേക്കും പോയേക്കും. ഹമാസുമായുള്ള ചർച്ചയിൽ സുപ്രധാന പങ്കുവഹിച്ച രാജ്യങ്ങളാണ് ഇവ രണ്ടും.

തിങ്കളാഴ്ച യു.എൻ അംഗീകരിച്ച യു.എസ് പിന്തുണയോടെയുള്ള വെടി നിർത്തൽ ഉടമ്പടി മെയ് അവസാനത്തിൽ ജോ ബൈഡനാണ് അവതരിപ്പിച്ചത്. ഇസ്രയേലിന്‍റെ ഭാഗത്തു നിന്നുള്ള ആശയമെന്ന നിലയ്ക്കാണ് ബൈഡൻ പദ്ധതി കൊണ്ടുവരുന്നത്. എന്നാൽ അപ്പോഴും ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പ്രതികരണങ്ങളിൽ അനിശ്ചിതത്വം പ്രകടമായിരുന്നു. ഹമാസിന്‍റെ സായുധ ശക്തിയെയും ഭരണ വ്യവസ്ഥയെയും തകർക്കുന്നതിന് മുൻപ് ഒരു ചർച്ചയും നടക്കില്ല എന്നായിരുന്നു നെതന്യാഹുവിന്റെ നിലപാട്. ഉടമ്പടി വ്യവസ്ഥകൾക്ക് ഘടക വിരുദ്ധമാണിത്.

ഉടമ്പടി പ്രകാരം, ആദ്യ ഘട്ടത്തിൽ ആറാഴ്ചത്തെ വെടി നിർത്തൽ പ്രഖ്യാപിക്കുകയും ഇസ്രായേലിലെ പലസ്തീൻ ബന്ദികളിൽ വയസായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ കൈമാറ്റം ചെയ്യുകയും വേണം. ഇതിനു പുറകെ വെടിവെയ്പ്പും ബന്ദിയാക്കലും സ്ഥിരമായി അവസാനിപ്പിക്കണം. അവസാന ഘട്ടമായാണ് പുനർനിർമാണം.

വെടിനിർത്തൽ ഉടമ്പടിക്ക് അന്താരാഷ്‌ട്ര ഉറപ്പ് വേണമെന്നാണ് ഹമാസിന്‍റെ ആവശ്യം. അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഉടമ്പടി ലംഘിക്കപ്പെടാം എന്നാണു ഹമാസ് വാദം. ഇസ്രയേൽ ഭരണ പക്ഷത്തു നിന്നും ഈ പ്രമേയത്തോട് അനുകൂലമായ പ്രതികരണങ്ങളല്ല ഉയർന്നു വരുന്നത്. മൂന്നംഗ യുദ്ധ ക്യാബിനറ്റിൽ നിന്നും ബെന്നി ഗാന്റ്സ് രാജി വെച്ചതിനെ തുടർന്ന് തീവ്ര വലതുപക്ഷത്തോട് ചേർന്നുനിൽക്കാൻ നിർബന്ധിതനായിരിക്കുകയാണ് നെതന്യാഹു. ഇപ്പോൾ തന്നെ ഹമാസിന്റെ കൈയില്‍ നിന്നും ഇസ്രയേൽ പൗരരെ മോചിപ്പിക്കുന്നതിലുണ്ടാകുന്ന കാലതാമസത്തെ ചൊല്ലി നെതന്യാഹുവിനു മേൽ സമ്മർദം ഏറിയിരിക്കുകയാണ്. ഹമാസിന്റെ തടവിലുള്ള 250 പേരിൽ കേവലം ഏഴു പേരെ മോചിപ്പിക്കുവാൻ മാത്രമെ സൈന്യത്തിന് സാധിച്ചിട്ടുള്ളൂ. ഈ സൈനിക നീക്കത്തില്‍ 270 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ സൈനിക ആക്രമണത്തിൽ ഏഴു സൈനികരാണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിൽ 120 സാധാരണ പൗരർക്ക് പരിക്കേറ്റുവെന്നാണ് ഗാസയിലെ ആരോഗ്യ മേഖലയിലെ അധികൃതരിൽ നിന്നുള്ള വിവരം. ബന്ദികളെ മോചിപ്പിക്കുവാനുള്ള ഇസ്രയേൽ സൈന്യത്തിന്‍റെ ശ്രമത്തിൽ സാധാരണ മനുഷ്യരുടെ മരണം ഏറി വരുകയാണ്. യു.എൻ രക്ഷാസമിതി പ്രമേയം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഉയർന്നു വരുന്ന സാഹചര്യത്തില്‍, ഹമാസിന്റെ നിർദേശങ്ങളോടുള്ള യു.എസ് നിലപാട് നിർണായകമാണ്.

SCROLL FOR NEXT