NEWSROOM

ഗാസ വെടിനിർത്തല്‍: റഫയില്‍ നിന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങുന്നു

വെടിനിർത്തലിൻ്റെ രണ്ടാം ഘട്ട ചർച്ചകൾ പരാജയപ്പെട്ടാൽ ഹമാസിനെതിരായ യുദ്ധം പുനരാരംഭിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Author : ന്യൂസ് ഡെസ്ക്

ഗാസയിലെ റഫയിലെ പ്രദേശങ്ങളിൽ നിന്നും ഈജിപ്തിന്റെ അത‍ി‍ർത്തിയിലുള്ള ഫിലാഡൽഫി ഇടനാഴിയിലേക്ക് ഇസ്രയേൽ സൈന്യം പിൻവാങ്ങാൻ തുടങ്ങിയതായി ഹമാസ് അനുകൂല മാധ്യമങ്ങൾ. ഇന്നു പുലർച്ച മുതലാണ് സൈന്യം പിൻവാങ്ങൽ ആരംഭിച്ചത്.  ഗാസ വെടിനിർത്തല്‍ കരാർ മണിക്കൂറുകള്‍ക്കകം പ്രാബല്യത്തില്‍ വരുന്നതിനു മുന്നോടിയായിട്ടാണ് നടപടി. മൂന്ന് ഘട്ടങ്ങളായുള്ള വെടിനിർത്തലിന്‍റെ, ആറ് ആഴ്ച നീണ്ട, ആദ്യഘട്ടം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.



15 മാസം നീണ്ട രക്തച്ചൊരിച്ചിലുകള്‍ക്ക് അറുതിവരുത്തുമെന്ന് പ്രതീക്ഷിക്കുന്ന വെടിനിർത്തൽ കരാറിനോട് എല്ലാ വിഭാ​ഗത്തിനും അനുകൂല സമീപനമല്ലയുള്ളത്. ബന്ദി മോചനം സാധ്യമാക്കുമെങ്കിലും ഇസ്രയേലിലെ തീവ്ര വലത് അനുകൂലികൾ കരാറിനെതിരെയാണ് നിലപാടെടുക്കുന്നത്.  ആക്രമണങ്ങളി‍ൽ മരിച്ചവരുടെ കുടുംബങ്ങളും ചൂസിംഗ് ലൈഫ് ഫോറവും ഹമാസുമായുള്ള കരാറിനെ ചോദ്യം ചെയ്ത് ഇസ്രയേൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇവരുടെ ഹർജികൾ ഇസ്രയേൽ സുപ്രീം കോടതി തള്ളിയതായാണ് ഹാരെറ്റ്സ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, വെടിനിർത്തലിൻ്റെ 16ാം ദിനം നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകൾ പരാജയപ്പെട്ടാൽ ഹമാസിനെതിരായ യുദ്ധം പുനരാരംഭിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മുന്നറിയിപ്പ്. കരാർ പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് വെടിനിർത്തല്‍ താൽക്കാലികമാണെന്ന നെതന്യാഹുവിന്‍റെ പ്രസ്താവനയെത്തുന്നത്. ഗാസ വീണ്ടും ആക്രമിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നും ഇതിന് യുഎസിന്‍റെ നിയുക്ത  പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപിന്‍റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നുമാണ് നെതന്യാഹു അവകാശപ്പെടുന്നത്.


ഈജിപ്ത്, ഖത്തർ, യുഎസ് എന്നീ കക്ഷികളുടെ മധ്യസ്ഥതയില്‍ നടന്ന ചർച്ചകള്‍ക്കൊടുവില്‍ ജനുവരി 15ന് പ്രഖ്യാപിക്കപ്പെട്ട കരാർ ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് നടപ്പാകുന്നത്. ഇതോടെ 471 ദിവസം നീണ്ട ഗാസയുദ്ധത്തിന് താല്‍ക്കാലികമായെങ്കിലും വിരാമമാകുമെന്നാണ് പ്രതീക്ഷ.



അന്താരാഷ്ട്ര സമയം, പകല്‍ 6.30 ഓടെ മൂന്നുഘട്ടങ്ങളിലായുള്ള വെടിനിർത്തല്‍ കരാറിന്‍റെ ആദ്യഘട്ടം ആരംഭിക്കും. ഗാസയില്‍ പ്രാദേശികസമയം, 8.30 ആണിത്. ബന്ദികളുടെ മോചനം, ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ നിന്നുള്ള ഇസ്രയേല്‍ സേനയുടെ പിന്മാറ്റം, വടക്കന്‍ ഗാസയിലേക്ക് കുടിയൊഴിക്കപ്പെട്ടവർക്ക് മടങ്ങാനുള്ള അവസരം, വർധിച്ച മാനുഷിക സഹായം എന്നിവയാണ് ആദ്യഘട്ടം നിർദേശിക്കുന്നത്. ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായി ഹമാസിന്‍റെ പിടിയിലുള്ള 33 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി നൂറോളം വരുന്ന പലസ്തീന്‍ ബന്ദികളെ ഇസ്രയേലും കൈമാറും. മൂന്ന് സിവിലിയന്‍ വനിതകളെയാകും ഇന്ന്  ഹമാസ് മോചിപ്പിക്കുക.  എന്നാല്‍, ബന്ദികളെ കെെമാറുന്ന മാർഗം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. വടക്കൻ, മധ്യ, തെക്കൻ ഗാസാ അതിർത്തികളിലായി മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങള്‍ കെെമാറ്റത്തിനായി ഇസ്രയേല്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹമാസില്‍ നിന്ന് റെഡ്ക്രോസിലേക്കായിരിക്കും ബന്ദികളെ കെെമാറുകയെന്നാണ് ലഭ്യമായ വിവരം. ഐഡിഎഫ് വിമാനങ്ങളുടെ വ്യോമനീരീക്ഷണത്തിനു കീഴിലായിരിക്കും കെെമാറ്റം.

SCROLL FOR NEXT