NEWSROOM

യുദ്ധം അവസാനിക്കുമോ? ഗാസയിൽ വെടിനിർത്തലിന് സാധ്യത തെളിയുന്നതായി റിപ്പോർട്ട്

ഇക്കഴിഞ്ഞ മെയ് മുതല്‍ ആരംഭിച്ച സമാധാന ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെട്ടെങ്കിലും പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ ഇരുകക്ഷികളും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കുമെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

14 മാസത്തിലേക്ക് എത്തുന്ന ഗാസയുദ്ധത്തില്‍ വെടിനിർത്തലിന് സാധ്യത തെളിയുന്നു. അമേരിക്ക, ഖത്തർ, ഈജിപ്ത് കക്ഷികൾ നടത്തുന്ന ചർച്ചയിൽ ദിവസങ്ങൾക്കകം കരാർ യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്ട്. ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്ന ജനുവരിക്ക് മുനമ്പായി, കരാർ സാധ്യമാക്കാനാണ് നീക്കം. എന്നാൽ കഴിഞ്ഞ ദിവസവും ഇസ്രയേൽ ആക്രമണത്തിൽ 14 പേർ ഗാസയിൽ കൊല്ലപ്പെട്ടു.


ലബനന്‍ വെടിനിർത്തലിനെ തുടർന്ന് ഊർജിതമായ ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരമുണ്ടാകുമെന്നാണ് ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈജിപ്തിലെ ഖെയ്റോയില്‍, അമേരിക്ക, ഖത്തർ, ഈജിപ്ത് തുടങ്ങിയ കക്ഷികളുടെ മധ്യസ്ഥതയില്‍ നടന്നുവരുന്ന ചർച്ചകള്‍, മുന്‍ കാലങ്ങളില്‍ ഉണ്ടാകാത്ത വിധം പുരോഗതി കൈവരിക്കുന്നുണ്ടെന്ന് വിവിധ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

ഇക്കഴിഞ്ഞ മെയ് മുതല്‍ ആരംഭിച്ച സമാധാന ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെട്ടെങ്കിലും പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ ഇരുകക്ഷികളും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കുമെന്നാണ് സൂചന. സിറിയയിലെ വിമത അട്ടിമറിയെതുടർന്ന് ആയുധ, സാമ്പത്തിക സഹായം കുറഞ്ഞത് ഹമാസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പുതിയ നിബന്ധനകള്‍ കൊണ്ടുവന്ന് ഇസ്രയേല്‍ ചർച്ച നീട്ടിക്കൊണ്ടുപോയില്ലെങ്കില്‍, കരാർ ഉടന്‍ സാധ്യമാകുമെന്നാണ് ഹമാസിന്‍റെ പക്ഷം. വ്യവസ്ഥകളെ പരാമർശിക്കാതെ പ്രതികരിച്ച ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും, എന്നത്തേക്കാളും കൂടുതല്‍ കരാറിലേക്ക് അടുത്തുവെന്ന് വ്യക്തമാക്കുന്നു.

മധ്യസ്ഥരില്‍ പ്രധാനിയും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ തലവനുമായ വില്ല്യം ബേണ്‍സിന്‍റെ കഴിഞ്ഞ ദിവസത്തെ ദോഹ സന്ദർശനത്തിലെ പ്രധാന അജണ്ടയും ഗാസ വെടിനിർത്തലായിരുന്നെന്നാണ് സൂചന. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്‍റഹ്മാന്‍ അല്‍താനിയുമായി വില്ല്യം ബേണ്‍സ് കൂടിക്കാഴ്ച നടത്തിയിരുന്നു. കരാറിലെ അഭിപ്രായവ്യത്യാസങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച നടന്ന ചർച്ചകളില്‍ ഇസ്രയേല്‍ വക്താക്കളും പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, ചൊവ്വാഴ്ചത്തെ നെതന്യാഹു നടത്തി യാത്ര ഖെയ്റോയിലേക്കാണെന്ന സൂചനകൾ പുറത്തുവന്നെങ്കിലും, സിറിയയായിരുന്നു ലക്ഷ്യസ്ഥാനമെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.

അമേരിക്കയില്‍ നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതിന് മുന്‍പ് കരാർ സാധ്യമാക്കണമെന്ന സാഹചര്യവുമുണ്ട്.  ജനുവരി 20ന് താന്‍ അധികാരത്തിലേറുന്നതിന് മുന്‍പ് ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഇതിനകം, 45,000 ത്തോളം പേർ കൊല്ലപ്പെട്ട ഗാസയിലെ സംഘർഷങ്ങള്‍ താത്കാലികമായെങ്കിലും നിർത്തിവെയ്ക്കാനും, സ്ഥായിയായ പരിഹാരത്തിന് ചർച്ചകള്‍ തുറന്നിടാനും ഈ സമയപരിധിയാണ് മധ്യസ്ഥർക്ക് മുന്നിലുള്ളത്.

SCROLL FOR NEXT