NEWSROOM

സ്വാതന്ത്ര്യത്തിൻ്റെ രുചി, ഗാസ കോള; പലസ്തീനോടുള്ള ആഗോള ഐക്യദാർഢ്യത്തിൻ്റെ പ്രതീകമാകുന്ന പാനീയം

കുറ്റബോധത്തിൻ്റെയോ, വംശഹത്യയുടെയോ രുചി കലരാത്ത പലസ്തീനിന്റെ ശീതള പാനീയ ബ്രാൻഡാണ് ഗാസ കോള

Author : ന്യൂസ് ഡെസ്ക്

ഇസ്രയേലിന് ആയുധ പിന്തുണ അടക്കം നല്‍കുന്ന യുഎസിൻ്റെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള പലസ്തീൻ ഐക്യദാ‍ർഢ്യ പ്രവ‍ർത്തകരുടെ തീരുമാനത്തെ തുടർന്ന് ഉടലെടുത്ത പുതിയ ബ്രാൻഡാണ് ഗാസ കോള.പ്രതിരോധത്തിൻ്റെ പ്രതീകവും പലസ്തീനോടുള്ള ആഗോള ഐക്യദാർഢ്യത്തിൻ്റെ ആഹ്വാനവുമാകുകയാണ് ഗാസ കോള. കുറ്റബോധത്തിൻ്റെയോ, വംശഹത്യയുടെയോ രുചി കലരാത്ത ശീതള പാനീയ ബ്രാൻഡാണ് ഗാസ കോള. 

ശീതള പാനീയരംഗത്തെ വമ്പൻമാരായ അമേരിക്കൻ ബ്രാൻഡുകളായ കൊക്ക കോള, പെപ്സി എന്നിവ‍യ്ക്ക് ഗാസ-ഇസ്രയേൽ യുദ്ധത്തിന് പിന്നാലെയുണ്ടായ ബഹിഷ്കരണത്തോടെ വലിയ തിരിച്ചടി നേരിട്ടിരുന്നു. ഈ പാനീയങ്ങൾക്ക് ബദൽ, അതായത്, വ്യത്യസ്തമായ രാഷ്ട്രീയവും ധാർമികതയും മുന്നോട്ട് വെക്കുന്ന ഒരു പാനീയം എന്ന ആശയമാണ് ഗാസ കോള അവതരിപ്പിക്കുന്നതിലേക്ക് പലസ്തീൻ മനുഷ്യാവകാശ പ്രവ‍ർത്തകനും, സംരംഭകനുമായ ഉസാമ കാഷുവിനെ എത്തിച്ചത്. 

പലസ്തീൻ പതാകയുടെ നിറങ്ങളുള്ള കാൻ, കൊക്കക്കോളയുടെ അതേ ചേരുവ, സമാനമായ രുചി.. എന്നാൽ, വ്യത്യസ്തമായ ഫോ‍ർമുലയാണ് ​ഗാസ കോളയുടേതെന്ന് കാഷു വാദിക്കുന്നു. സ്വാതന്ത്ര്യത്തിൻ്റെ രുചി, അതാണ് ഈ പാനീയത്തിൻ്റെ മുദ്രാവാക്യം. പോളണ്ടിൽ നി‍ർമിച്ച് ഇം​ഗ്ലണ്ടിലേക്ക് ഇറക്കുമതി ചെയ്യുന്ന ഗാസ കോള​യ്ക്ക് ജനപ്രീതി ലഭിച്ചത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്. ഇതുവരെ അഞ്ച് ലക്ഷത്തിലധികം ​ഗാസ കോള കാനുകളാണ് വിറ്റുപോയത്.

ഓൺലൈനിൽ, ഗാസ കോളയുടെ ആറ് കാനുകളുള്ള ഒരു പാക്കിന് 12 ബ്രിട്ടീഷ് പൗണ്ട് ($15) ആണ് വില. ആറ് കാനുകളുള്ള ഒരു പായ്ക്ക് കൊക്കകോളയ്ക്ക് ഏകദേശം 4.70 പൗണ്ട് ($6) വിലയാണെന്നിരിക്കെ ഗാസ കോളയുടെ വില കൂടുതലാണ്. എന്നാൽ, ​ഗാസ കോളയെ സാമ്പത്തിക ലാഭത്തിന് ഉപയോ​ഗിക്കുകയുമല്ല കാഷു. കോളയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ​ഗാസ ന​ഗരത്തിൽ ഇസ്രയേൽ ബോംബിട്ട് തക‍ർത്ത അൽ കരാമ ആശുപത്രി പുന‍ർനി‍ർമിക്കുകയാണ് കാഷുവിൻ്റെ ലക്ഷ്യം. ഓരോ സിപ്പിലും ഗാസ കോള പലസ്തീൻ്റെ പോരാട്ടങ്ങളുടെ ഓർമപ്പെടുത്തലായി വർത്തിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ പ്രതീക്ഷ.

SCROLL FOR NEXT