NEWSROOM

ഗാസ പ്രതിസന്ധിയിലേക്ക്; റഫയില്‍ നിന്നും ആറ് ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന

സൈന്യം എത്തുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പാണ് ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യത്തിന്‍റെ വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഒക്ടോബർ ഏഴിന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തില്‍ ബന്ദികളാക്കപ്പെട്ട ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ഇസ്രയേല്‍ സൈന്യം. ഗാസാ സ്ട്രിപ്പിലെ റഫാ മേഖലയിലെ ടണലില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.

കാർമൽ ഗാറ്റ്, ഈഡൻ യെരുഷാൽമി, ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിൻ, അലക്സാണ്ടർ ലോബനോവ്, അൽമോഗ് സരുസി, ഒറി ഡാനിനോ എന്നിവരുടെ മൃതദേഹങ്ങൾ ഇസ്രായേലിലേക്ക് കൊണ്ടുവന്നതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പ്രസ്താവനയിലൂടെ അറിയിച്ചു.

സൈന്യം എത്തുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പാണ് ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യത്തിന്‍റെ വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാല്‍ ഹമാസും അവരുടെ സായുധ വിഭാഗവും ഇതിനോട് പ്രതികരിച്ചിട്ടില്ല.

വാർത്ത സ്ഥിരീകരിച്ചു കൊണ്ട് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രസ്താവനയിറക്കി. "ഇന്ന് രാവിലെ റഫയിലെ ടണലില്‍ നിന്നും ഹമാസിന്‍റെ പിടിയിലായിരുന്ന ആറ് ബന്ദികളുടെ മൃതദേഹം ഇസ്രയേല്‍ സേന കണ്ടെത്തി", വാർത്ത കേട്ട് തകർന്നുവെന്നും രോഷാകുലനാണെന്നും ബൈഡന്‍ പറഞ്ഞു.

ബന്ദികളില്‍ ഉള്‍പ്പെട്ട ഇസ്രയേല്‍-അമേരിക്കന്‍ വംശജന്‍ ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിൻ, ഗാസ മുനമ്പിൽ വച്ച് കൊല്ലപ്പെട്ടതായി ഞായറാഴ്ച പുലർച്ചെ അദ്ദേഹത്തിൻ്റെ കുടുംബവും പ്രസ്താവനയിറക്കി.

അതേസമയം, ഇസ്രയേൽ- ഹമാസ് യുദ്ധം വെസ്റ്റ് ബാങ്കിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഗാസയിലെ തെക്കൻ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മാത്രം 48 പേർ മരിച്ചതായാണ് റിപ്പോർട്ട്. പ്രദേശങ്ങളിൽ പോളിയോ വാക്സിനേഷൻ ക്യാമ്പയിൻ ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. പലസ്തീൻ ആരോഗ്യവകുപ്പാണ് മരിച്ചവരുടെ കണക്കുകൾ പുറത്തുവിട്ടത്. ഐക്യ രാഷ്ട്ര സഭയുടെ ഇടപെടലിലൂടെയാണ് പ്രദേശത്ത് പോളിയോ വാക്സിൻ നൽകുവാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വാക്സിൻ ക്യാമ്പയിൻ ഞായറാഴ്ച ആരംഭിക്കുമെന്നാണ് പുറത്തു വന്ന വിവരം.

SCROLL FOR NEXT