NEWSROOM

സ്റ്റേജില്‍ സ്ഥല പരിമിതിയുണ്ടായിരുന്നു; കരാര്‍ പ്രകാരം സംരക്ഷണം ഉറപ്പാക്കേണ്ടത് സംഘാടകര്‍: ജിസിഡിഎ ചെയര്‍മാന്‍

സംഘാടകരുടെ ഭാഗത്ത് നിന്ന് പിഴവ് ഉണ്ടായിട്ടുണ്ടെങ്കില്‍ നോട്ടീസ് നല്‍കും. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ ബ്ലാസ്റ്റേഴ്‌സിന്റേതാണ്.

Author : ന്യൂസ് ഡെസ്ക്

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പരിപാടിക്കിടെ ഗ്യാലറിയില്‍ നിന്ന് നിലത്തേക്ക് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേറ്റ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള. കുറഞ്ഞ സമയം മാത്രം നീണ്ടു നിന്ന പരിപാടിയായിരുന്നു. അഡീഷണല്‍ സ്റ്റേജിന് ബാരിക്കേഡ് ഉണ്ടായിരുന്നില്ല. അവിടെ സ്ഥലപരിമിതിയുണ്ടായിരുന്നതായും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു.

കരാര്‍ പ്രകാരം സുരക്ഷ ഉറപ്പാക്കേണ്ടത് സംഘാടകരാണ്. അതവര്‍ പാലിച്ചില്ല. ജിസിഡിഎ ഭാഗത്ത് നിന്ന് അന്വേഷണം ഉണ്ടാകും. പൊലീസില്‍ നിന്ന് വിവരം തേടിയ ശേഷം ഉച്ചയ്ക്ക് വാര്‍ത്താക്കുറിപ്പ് ഇറക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. സ്റ്റേഡിയം ടര്‍ഫില്‍ പരിപാടി നടത്താന്‍ അനുവദിച്ചത് ദോഷം വരാതെ ചെയ്യാനാണ്. ടര്‍ഫിലേക്ക് അവര്‍ പ്രവേശിച്ചില്ല. ഭാവിയില്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ കര്‍ശനമാക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാം വാര്‍ത്താക്കുറിപ്പില്‍ ഉണ്ടാകുമെന്നും ചന്ദ്രന്‍ പിള്ള അറിയിച്ചു.

സംഘാടകരുടെ ഭാഗത്ത് നിന്ന് പിഴവ് ഉണ്ടായിട്ടുണ്ടെങ്കില്‍ നോട്ടീസ് നല്‍കും. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ ബ്ലാസ്റ്റേഴ്‌സിന്റേതാണ്. അവ പരിശോധിക്കണമെന്നും ചന്ദ്രന്‍ പിള്ള പറഞ്ഞു.

ജിസിഡിഎ ഉദ്യോഗസ്ഥര്‍ സ്‌റ്റേഡിയത്തില്‍ പരിശോധന നടത്തിയിരുന്നു. സ്‌റ്റേജ് നിര്‍മാണത്തിന്റെ വിവരങ്ങള്‍ നല്‍കിയിരുന്നില്ലെന്നും ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് സ്‌റ്റേജ് വിട്ടു നല്‍കുമ്പോള്‍ ഉണ്ടായിരുന്ന നിബന്ധനകള്‍ പ്രകാരമാണ് ഈ പരിപാടിക്കും സ്റ്റേഡിയം അനുവദിച്ചത് എന്നും ജിസിഡിഎ പരിശോധനയില്‍ പറയുന്നു.

അതേസമയം എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. അതിഗുരുതരം എന്ന അവസ്ഥയില്‍ നിന്ന് മാറിയിട്ടുണ്ട്. വെന്റിലേറ്ററില്‍ തുടരും എന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണാണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതര പരുക്കേറ്റത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനു മുന്നോടിയായി നടന്ന പരിപാടിക്കിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിന് പകരമായി റിബണ്‍ വെച്ചിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തില്‍ നിന്നാണ് ഉമ തോമസ് വീണത്.

SCROLL FOR NEXT