വീട്ടുജോലിക്കാരി ഭക്ഷണമുണ്ടാക്കുന്നതെങ്ങിനെ എന്നറിയാൻ ക്യാമറവച്ച വീട്ടുകാർ ഞെട്ടിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഗാസിയാബാദിലെ ഒരു വീട്ടിലെ അടുക്കളയിൽ മൊബൈൽ ക്യാമറ വച്ച് പകർത്തിയ രംഗങ്ങളാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. വീട്ടുജോലിക്കാരി മൂത്രം ഒഴിച്ച് മാവ് കുഴയ്ക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ദൃശ്യങ്ങളിൽ വീട്ടിലെ ജോലിക്കാരി അടുക്കള വാതിൽ അടയ്ക്കുന്നതും ഒരു പാത്രത്തിൽ മൂത്രമൊഴിക്കുകയും ചെയ്യുകയാണ്. അതുപയോഗിച്ച് മാവ് കുഴച്ചാണ് ഇവർ ഭക്ഷണമുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. വീട്ടുകാരുടെ പരാതിയെത്തുടർന്ന് ജോലിക്കാരിക്കെതിരെ കേസെടുത്ത് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായാണ് മാധ്യമങ്ങൾ പറയുന്നത്.
വീട്ടിലെ അംഗങ്ങൾക്ക് നിരന്തരമായി കരൾ സംബന്ധമായ അസുഖം വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. അടുക്കളയിലെ പ്രശ്നങ്ങൾ ആണോ കാരണം എന്ന് സംശയം തോന്നിയ വീട്ടുകാർ ഭക്ഷണം ഉണ്ടാക്കുന്നത് നിരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ, ബിസിനസുകാരനായ വീട്ടുടമ അടുക്കളയിൽ മൊബൈൽ ക്യാമറ ഓണാക്കി വയ്ക്കുകയായിരുന്നു.
വേവ് സിറ്റിയിലെ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ ലിപി നാഗയച്ച് കേസെടുത്തതായി സ്ഥിരീകരിച്ചെന്നും, എന്നാൽ ജോലിക്കാരി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചെന്നും റിപ്പോർട്ടുകളുണ്ട്. മാത്രമല്ല വീട്ടുകാർ അവളെ ടോയ്‍ലെറ്റ് ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല എന്നും അതിനാലാണ് പാത്രത്തിൽ മൂത്രമൊഴിച്ചത് എന്നും ആരോപണം ഉയരുന്നുണ്ട്.