NEWSROOM

"ആരോപണങ്ങൾ അസംബന്ധം, മീനെണ്ണക്ക് നെയ്യിനേക്കാൾ വില കൂടുതൽ"; തിരുപ്പതി ലഡ്ഡു വിവാദത്തിൽ പ്രതികരിച്ച് നെയ് വിതരണ കമ്പനി

കമ്പനിക്കെതിരെ നിയമനടപടി ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഥാപനത്തിലെ ക്വാളിറ്റി കൺട്രോളർ ആരോപണങ്ങൾ തള്ളി രംഗത്തെത്തിയത്

Author : ന്യൂസ് ഡെസ്ക്



തിരുപ്പതി ലഡ്ഡു വിവാദത്തിൽ ആരോപണം തള്ളി തമിഴ്‌നാട് ആസ്ഥാനമായുള്ള എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്. മായം കലർന്ന നെയ് വിതരണം ചെയ്തെന്ന ആരോപണത്തിനെതിരെയാണ് കമ്പനിയുടെ പ്രതികരണം. എആർ ഡയറിയുടെ നെയ്യിൽ നിന്നുള്ള സാമ്പിളുകളിൽ മായം കലർന്നതായി കണ്ടെത്തിയെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എക്സിക്യൂട്ടീവ് ഓഫീസർ ജെ ശ്യാമള റാവു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപനത്തിലെ ക്വാളിറ്റി കൺട്രോളർ കണ്ണൻ ഈ ആരോപണങ്ങൾ തള്ളി രംഗത്തെത്തിയത്.  ഉദ്യോഗസ്ഥൻ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞതായി തമിഴ് വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.

" 1998 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഞങ്ങളുടേത്. ഇതാദ്യമായാണ് ഞങ്ങൾക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയരുന്നത്," കണ്ണൻ പറഞ്ഞു. എആർ ഡയറി സ്വന്തമായി സംഭരണ ​​കേന്ദ്രങ്ങൾ നടത്തുകയും, 32 സെക്കൻഡിനുള്ളിൽ പാലിൻ്റെ 102 ഗുണനിലവാര പാരാമീറ്ററുകൾ വരെ പരിശോധിക്കാൻ കഴിയുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യുന്ന കമ്പനിയാണ്. പാലിൻ്റെ ഗുണനിലവാര പരിശോധനയിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് കണ്ടാൽ, ഉടൻ അത് നിരസിക്കും. ടിടിഡിക്ക് നെയ് വിതരണം ചെയ്യാൻ എആർ ഡയറിക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും ക്ഷേത്ര ഭരണസമിതിയുടെ നാലംഗ വിദഗ്‌ധ സംഘം അവരുടെ പ്ലാൻ്റ് സന്ദർശിച്ച് ഗുണനിലവാരം വിലയിരുത്തിയെന്നും കണ്ണൻ അവകാശപ്പെട്ടു.


“ഞങ്ങളുടെ നെയ്യ് സാമ്പിളുകൾ ടിടിഡിയിലേക്ക് അയയ്‌ക്കുന്നതിന് മുമ്പ് ദേശീയ ലബോറട്ടറികളിൽ പരിശോധിക്കാറുണ്ട്. അവിടെയെത്തുമ്പോൾ, ടിടിഡിയുടെ തന്നെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ വീണ്ടും സാമ്പിളുകൾ പരിശോധിക്കുന്നു. മാത്രമല്ല എആർ ഡയറിക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ ഉണ്ട്. ഒപ്പം ഞങ്ങൾ കർശനമായ ഗുണനിലവാര പ്രോട്ടോക്കോളുകൾ പിന്തുടരുകയും ചെയ്യുന്നു. മുൻ റിപ്പോർട്ടുകളൊന്നും ഗുണനിലവാരത്തിൽ ഒരു വ്യതിയാനവും സൂചിപ്പിച്ചിട്ടില്ല ,” കണ്ണൻ പറഞ്ഞു.

“വെജിറ്റബിൾ ഓയിൽ മുതൽ മൃഗങ്ങളുടെ കൊഴുപ്പ് വരെ ചേർക്കുന്നെന്ന് തരത്തിലുള്ള ആരോപണങ്ങൾ ഞങ്ങളുടെ ബിസിനസിനെ സാരമായി ബാധിക്കുന്നു. മാത്രമല്ല, മത്സ്യ എണ്ണ ചേർത്തെന്ന വാദം തികച്ചും അസംബന്ധമാണ്, മീനെണ്ണയ്ക്ക് നെയ്യേക്കാൾ വില കൂടുതലാണ്. ഇത്തരത്തിലുള്ള ഏതെങ്കിലും മായം ചേർത്തിട്ടുണ്ടെങ്കിൽ അത് മണം കൊണ്ട് മാത്രം കണ്ടെത്താനാകും,” കണ്ണൻ പറഞ്ഞു.


കഴിഞ്ഞ ദിവസമാണ് ആന്ധ്രപ്രദേശിലെ മുൻ സർക്കാരിന്‍റെ കാലത്ത് തിരുപ്പതി ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നതായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചത്. ടിഡിപി യോഗത്തിൽ സംസാരിക്കവെയാണ് മുൻ സർക്കാനെതിരെ ചന്ദ്രബാബു നായിഡു വെളിപ്പെടുത്തൽ നടത്തിയത്. ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് ജഗൻ മോഹൻ സർക്കാരിന്‍റെ കാലത്ത് തിരുപ്പതി ലഡ്ഡു ഉണ്ടാക്കിയത്. തിരുപ്പതി ലഡു ഉണ്ടാക്കാൻ നെയ്യ് ഉപയോഗിക്കുന്നതിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും നായിഡു പറഞ്ഞിരുന്നു.



SCROLL FOR NEXT