സിംബാബ്‌വെ പര്യടനത്തിൽ രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച് ഓപ്പണർ അഭിഷേക് ശർമ. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. രണ്ട് റൺസെടുത്ത ഗില്ലിനെ മുസറബാനിയുടെ പന്തിൽ ബ്രയാൻ ബെന്നറ്റ് ക്യാച്ചെടുത്ത് പുറത്താക്കി.
രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന അഭിഷേക് ശർമ (40), റുതുരാജ് ഗെയ്ക്‌വാദ് (19) സഖ്യം തുടക്കം മുതൽക്കെ കരുതലോടെയാണ് ബാറ്റ് വീശിയത്. ഒമ്പത് ഓവറിൽ 63/1 എന്ന നിലയിൽ ഇന്ത്യ ബാറ്റിങ് തുടരുകയാണ്. ടി20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യയുടെ യുവനിര സിംബാബ്‌വെയുടെ ദുർബലമായ ടീമിനോട് അടിയറവ് പറഞ്ഞത് ആരാധകരെ ഞെട്ടിച്ചിരുന്നു.
ഇന്ത്യൻ നിരയിൽ ഇന്ന് സായ് സുദർശൻ അരങ്ങേറ്റം കുറിച്ചു. ശുഭ്മാൻ ഗില്ലാണ് താരത്തിന് ഇന്ത്യൻ ക്യാപ്പ് സമ്മാനിച്ചത്. ഗുജറാത്ത് ടൈറ്റൻസിന്റെ പ്രധാന ബാറ്ററായ താരം ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.