ആക്ടിവിസ്റ്റും ഡൽഹി സർവകലാശാല മുൻ അധ്യാപകനുമായ ജി.എൻ. സായിബാബ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു സായിബാബയുടെ അന്ത്യം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഗ്പൂർ സെൻട്രൽ ജയിലിൽ പത്ത് വർഷത്തോളം തടവിലായിരുന്ന അദ്ദേഹം, കടുത്ത നിയമ പോരാട്ടത്തിലൂടെയാണ് ജയിൽ മോചിതനായത്. ഏഴ് മാസം മുന്‍പ്, മാർച്ച് ഏഴിനാണ് സായിബാബ കേസില്‍ കുറ്റവിമുക്തനായത്. ഭരണകൂടത്തിൻ്റെ നീതി നിഷേധങ്ങളോട് പൊരുതിയാണ് സായിബാബ 57-ാം വയസിൽ മരണത്തിന് മുന്നിൽ കീഴടങ്ങിയത്.
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ബിരുദ പഠനകാലം തൊട്ട് തന്നെ, പ്രോഗ്രസീവ് സ്റ്റുഡൻ്റ്സ് ഫ്രണ്ടിൻ്റെ ഭാഗമായി നിരവധി മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു ജി.എൻ. സായിബാബ. സംവരണത്തിന് വേണ്ടി ക്യാമ്പസിൽ വലിയ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചത് സായിബാബയുടെ നേതൃത്വത്തിലായിരുന്നു. പിന്നീട് കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടിയിരുന്നു.
ആക്ടിവിസ്റ്റും ഡൽഹി റാം ലാൽ ആനന്ദ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനുമായിരുന്ന സായിബാബയെ 2014 മേയിലാണ് ഡൽഹിയിലെ വസതിയിൽ നിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ സായി ബാബയെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. മാവോയിസ്റ്റ് ബന്ധം സാധൂകരിക്കുന്ന പുസ്തകങ്ങളും പെൻഡ്രൈവുകളും സായിബാബയുടെ മുറിയിൽ നിന്ന് കിട്ടിയെന്നായിരുന്നു പൊലീസ് വാദം. തുടർന്ന് യുഎപിഎ വകുപ്പ് ചുമത്തി.
ALSO READ: ജി. എന്‍. സായിബാബ അന്തരിച്ചു
2017ൽ യുഎപിഎയും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളും സായിബാബ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പിന്നീട് പത്തു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് നാഗ്പൂർ സെൻട്രൽ ജയിലിൽ നിന്ന് സായിബാബ പുറത്തിറങ്ങുന്നത്. പോളിയോ ബാധിച്ച് ശരീരത്തിൻ്റെ 90 ശതമാനവും തളർന്ന് വീൽചെയറിൻ്റെ സഹായത്തോടെ ജീവിച്ചിരുന്ന സായിബാബ, അറസ്റ്റിലായത് മുതൽ നാഗ്പൂർ സെൻട്രൽ ജയിലിലാണ് തടവിൽ കഴിഞ്ഞിരുന്നത്.
2022ൽ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും സുപ്രീം കോടതി ഉത്തരവ് സ്റ്റേ ചെയ്തതിനാൽ സായി ബാബക്ക് ജയിൽ മോചിതനാകാൻ സാധിച്ചിരുന്നില്ല. ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വീണ്ടും വാദം കേട്ടാണ് സായിബാബ അടക്കമുള്ളവരെ വെറുതെ വിട്ടത്. വിധി സ്റ്റേ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അപ്പീൽ തള്ളിയതോടെയാണ് സായിബാബയ്ക്ക് ജയിൽ മോചനം സാധ്യമായത്.
ALSO READ: "ഞാൻ പൂർണ ആരോഗ്യവതി"; ട്രംപിൻ്റെ മെഡിക്കൽ റെക്കോർഡുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് കമല ഹാരിസ്
നീണ്ടകാലത്തെ ജയിൽവാസം, സായിബാബയുടെ രോഗം വളരെയധികം മൂർച്ഛിക്കുന്നതിന് കാരണമായി. ജയിലില്‍ കഴിയവെ അധികാരികളില്‍ നിന്ന് നേരിട്ട മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളെക്കുറിച്ച് സായിബാബ പരാതിപ്പെട്ടിരുന്നു. ശാരീരിക വെല്ലുവിളി നേരിട്ടിരുന്ന അദ്ദേഹത്തിന് മരുന്നുപോലും കൈമാറാൻ ജയില്‍ അധികൃതർ തയ്യാറായിരുന്നില്ല. ജയില്‍ മോചിതനായ ശേഷം സായിബാബ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജയിലില്‍ നിന്ന് ജീവനോടെ പുറത്തുകടന്നത് ഒരു അത്ഭുതമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.