യുപിയിലെ ഹത്രസ് ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ചു. സ്വയംപ്രഖ്യാപിത ആൾദൈവം ഭോലെ ബാബയുടെ പേരില്ലാതെയാണ് ഹത്രസ് ദുരന്തത്തിൻ്റെ കുറ്റപത്രം സമർപ്പിച്ചത്. ആത്മീയ പരിപാടിയിലുണ്ടായ ആൾത്തിരക്കിനിടെ 121 പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് യുപി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സംഘാടകരുൾപ്പെടെ 11 പേരടങ്ങുന്ന പ്രതിപ്പട്ടികയിൽ നിന്ന് ആൾദൈവത്തെ ഒഴിവാക്കി. ഇതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.
ഭോലെ ബാബ എന്ന നാരായൺ സകർ ഹരിയുടെ ആത്മീയ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരണപ്പെട്ട ഹത്രസ് ദുരന്തത്തിന്‍റെ കുറ്റപത്രമാണ് യുപി പൊലീസ് സമർപ്പിച്ചത്. ജൂലൈ രണ്ടിനാണ് ദുരന്തമുണ്ടായത്. ബാബയെ കാണാൻ തിരക്കുകൂട്ടിയതിനെ തുടർന്ന് ചവിട്ടേറ്റും തിരക്കിൽപ്പെട്ടുമാണ് അപകടം ഉണ്ടായത്. സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബ നടത്തിയ സത്സംഗത്തിന്‍റെ സമാപന വേളയിലായിരുന്നു സംഭവം.
2 സ്ത്രീകളുടേതടക്കം 11 പേരുകളാണ് കുറ്റപത്രത്തിലുള്ളത്. ഈ കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ കോടതി നടപടികളാരംഭിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ എ.പി. സിംഗ് വ്യക്തമാക്കി. പരിപാടിയുടെ സംഘാടകരായ 11 പ്രതികളിൽ 9 പേർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. മഞ്ജു ദേവി, മഞ്ജു യാദവ് എന്നിങ്ങനെ പ്രതികളായ രണ്ട് സ്ത്രീകൾക്ക് അലഹബാദ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.