NEWSROOM

കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് 228 കിലോ സ്വർണം കാണാതായി; ഗുരുതര ആരോപണവുമായി മഠാധിപർ

ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായിയെന്നും, രാഷ്ട്രീയക്കാർ ആരാധനാലയത്തിലേക്ക് കടന്നുകയറുകയാണെന്നും മഠാധിപർ ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ സ്വർണ തട്ടിപ്പ് നടന്നുവെന്ന ആരോപണവുമായി മഠാധിപർ. ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായെന്നും, രാഷ്ട്രീയക്കാർ ആരാധനാലയത്തിലേക്ക് കടന്നുകയറുകയാണെന്നും മഠാധിപർ ആരോപിച്ചു.

ഡൽഹിയിൽ കേദാർനാഥിന്‍റെ മാതൃകയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനെതിരെ ശക്തമായ എതിർപ്പ് നിലനിൽക്കുന്നതിനിടെയാണ് ഗുരുതര ആരോപണവുമായി ജ്യോതിർമഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ സരസ്വതി രംഗത്തെത്തിയത്.

ഉത്തരാഖണ്ഡിലെ അഴിമതിക്ക് പിന്നാലെ ഡൽഹിയിൽ മറ്റൊരു കേദാർനാഥ് പണിയുകയാണെന്നും അഴിമതി നടത്താനുള്ള മറ്റൊരു വഴിയാണിതെന്നും അദ്ദേഹം ആരോപിച്ചു. കേദാർനാഥിൽ നിന്ന് നഷ്ടപ്പെട്ട സ്വർണത്തെക്കുറിച്ച് ആരും ഇതുവരെ പരാമർശിക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.

ബിജെപി എംഎൽഎ ശൈല റാണിയുടെ നിര്യാണത്തെ തുടർന്ന് കേദാർനാഥ്‌ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങവെയാണ് ആരോപണവും പ്രതിഷേധവും കനക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഡൽഹിയിൽ കേദാർനാഥ് മാതൃകയിൽ ക്ഷേത്രം പണിയുന്നതിന് തറക്കല്ലിട്ടത്. ഇതിനെതിരേയും പ്രതിഷേധം ശക്തമാണ്.

SCROLL FOR NEXT