NEWSROOM

സ്വര്‍ണക്കടത്ത് കേസ്: വിചാരണ ബെംഗളൂരുവിലേക്ക് മാറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് പ്രശ്‌നമെന്ന് സുപ്രീം കോടതി

വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പറിയിച്ച സാഹചര്യത്തിലാണ് കോടതിയുടെ ചോദ്യം

Author : ന്യൂസ് ഡെസ്ക്

സ്വര്‍ണക്കടത്ത് കേസിലെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് പ്രശ്‌നമെന്ന് സുപ്രീംകോടതി. കേസിലെ പ്രതികള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ സംസ്ഥാനത്തിന് എന്താണ് കുഴപ്പമെന്നും സുപ്രീം കോടതി ചോദിച്ചു. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പറിയിച്ച സാഹചര്യത്തിലാണ് കോടതിയുടെ ചോദ്യം.

അന്വേഷണം അട്ടിമറിക്കാനാണ് കേരള പൊലീസ് ശ്രമിക്കുന്നത് എന്നായിരുന്നു ഇഡിയുടെ ആരോപണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസില്‍ ഇഡിയുടെ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്നും അട്ടിമറിയാരോപണം നിലനില്‍ക്കുന്നതല്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ നടപടികള്‍ കേരളത്തിന് പുറത്തേക്ക് മാറ്റുന്നതില്‍ സുപ്രീം കോടതി രണ്ടാഴ്ചയ്ക്ക് ശേഷം വിശദമായ വാദം കേള്‍ക്കും.

2019നും 2020നും ഇടയില്‍ നയതന്ത്ര ചാനല്‍ വഴി വിവിധ രാജ്യങ്ങളില്‍ നിന്നും വലിയ രീതിയില്‍ സ്വർണം കടത്തിയതിനാണ് ഇ.ഡി കേസ്. 2021 ജനുവരി 5ന് 20 പ്രതികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തുള്ള മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍റെ വിലാസത്തില്‍ അയച്ച ബാഗില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റ് സ്വർണം കണ്ടെത്തിയത്.

14.82 കോടി വിലമതിക്കുന്ന 30 കിലോ സ്വർണമാണ് കണ്ടെത്തിയത്. പ്രധാന പ്രതികളായ സരിത് പി.എസ്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ 2020 ജൂലൈ 22ന് ഇ.ഡി. അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. അന്വേഷണത്തില്‍ ഇത് തെളിഞ്ഞതിനെ തുടർന്ന് ശിവശങ്കരനെയും അറസ്റ്റ് ചെയ്തിരുന്നു.

SCROLL FOR NEXT