NEWSROOM

ഉന്നത പദവികളിൽ 10 % പിരിച്ചുവിടൽ, പുനഃക്രമീകരണം; ഓപ്പൺ എഐ വെല്ലുവിളി നേരിടാൻ അവസാന അടവുകൾ പയറ്റി ഗൂഗിൾ

ഗൂഗിളിനെ 20% കൂടുതൽ കാര്യക്ഷമമാക്കുക എന്ന സുന്ദർ പിച്ചൈയുടെ ലക്ഷ്യത്തിൻ്റെ ഭാഗമായി, ആൾബലം കുറഞ്ഞ കൂടുതൽ ശക്തമായ ടീമുകളെ AI, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങി ആവശ്യമുള്ള മേഖലകളിലേക്ക് മാറ്റുകയാണ്. ഇത് ടെക് വ്യവസായത്തിലുടനീളമുള്ള തൊഴിൽ ശക്തി കുറയ്ക്കുന്നതിൻ്റെ സൂചനയാണ് ഇപ്പോൾ ഗൂഗിളിൻ്റെ പ്രഖ്യാപനത്തിലൂടെ പുറത്തുവരുന്നത്.

Author : ന്യൂസ് ഡെസ്ക്


നിർമ്മിത ബുദ്ധിയിൽ സ്ഫോടനാത്മകമായ മാറ്റങ്ങളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. ഡിജിറ്റൽ യുദ്ധം മുറുകുന്ന സാഹചര്യത്തിൽ ഗൂഗിൾ പോലുള്ള ഭീമൻമാർവരെ വിയർക്കുന്ന കാഴ്ചയാണ് കാണുന്നത്. ഓപണ്‍ എഐ പോലുള്ള കമ്പനികളില്‍ നിന്നുയരുന്ന മല്‍സരത്തെ നേരിടാന്‍ അവസാന അടവും പയറ്റാനൊരുങ്ങുകയാണ് ഗൂഗിൾ.


മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ തുടങ്ങിയ ഉന്നത പദവികളിൽ നിന്ന് 10 ശതമാനം പേരെ പിരിച്ചുവിടുമെന്നാണ് മുന്നറിയിപ്പ്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാനേജ്‌മെൻ്റ് റോളുകളിലുള്ളവരെ 10% വെട്ടിക്കുറച്ചാണ് ഗൂഗിൾ കാര്യമായ പുനഃക്രമീകരണം പ്രഖ്യാപിച്ചിരിക്കുന്നത്.ഓപ്പൺ AI മത്സരം ശക്തമാകുന്നതിനിടയിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും, ടീമിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ നീക്കം.


ഗൂഗിളിനെ 20% കൂടുതൽ കാര്യക്ഷമമാക്കുക എന്ന സുന്ദർ പിച്ചൈയുടെ ലക്ഷ്യത്തിൻ്റെ ഭാഗമായി, ആളുകളുടെ എണ്ണം കുറച്ച് കൂടുതൽ ശക്തമായ ടീമുകളെ AI, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങി ആവശ്യമുള്ള മേഖലകളിലേക്ക് മാറ്റുകയാണ്. ഇത് ടെക് വ്യവസായത്തിലുടനീളമുള്ള തൊഴിൽ ശക്തി കുറയ്ക്കുന്നതിൻ്റെ സൂചനയാണ് ഇപ്പോൾ ഗൂഗിളിൻ്റെ പ്രഖ്യാപനത്തിലൂടെ പുറത്തുവരുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഗൂഗിളില്‍ മാനേജര്‍ പദവികളില്‍ 30,000 ജീവനക്കാരാണുള്ളത്. 5,000 മാനേജര്‍മാരും 1,000 ഡയറക്ടര്‍മാരും 100 വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടും.2023 ല്‍ കമ്പനിയില്‍ കമ്പനിയില്‍ മൊത്തം ജീവനക്കാരുടെ എണ്ണം 1,82,502 പേരാണ്. 2022 ല്‍ 1,90,234 പേരുണ്ടായിരുന്നു.


പുതിയ കാലത്തിൻ്റെ മാറ്റങ്ങൾക്കനുസരിച്ച് ജീവനക്കാരെ നിയമിക്കാനാണ് ഗൂഗിള്‍ തയ്യാറെടുക്കുന്നത്. ഇത് ആദ്യമായല്ല ഇതക്തരം തീരുമാനങ്ങൾ നടപ്പാക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി കമ്പനി ഏഴ് മാസം മുമ്പ് കോര്‍ ടീമില്‍ നിന്ന് 200 ജീവനക്കാരെ ഒഴിവാക്കിയിരുന്നു.കാലിഫോര്‍ണിയയില്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ നിന്ന് 50 പേരെയും ഒഴിവാക്കി. അതിനു പുറമെ വിദേശ രാജ്യങ്ങളിലുള്ള ജീവനക്കാരെ പുനക്രമീകരിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

SCROLL FOR NEXT