NEWSROOM

നദിയിലൂടെ നീന്തുന്ന ആനിമേറ്റഡ് കഥാപാത്രങ്ങൾ; ഒളിമ്പിക് ഗെയിംസ് ആഘോഷമാക്കി ഗൂഗിൾ ഡൂഡിലും

ഡൂഡിൽ ബാനറിൽ ക്ലിക്ക് ചെയ്യുമ്പോൾ പാരീസ് ഒളിമ്പിക്‌സിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളുടെ വിൻഡോ ഓപ്പൺ ആവുകയും ചെയ്യും

Author : ന്യൂസ് ഡെസ്ക്

പാരീസിൽ നടക്കുന്ന സമ്മർ ഒളിമ്പിക് ഗെയിംസ് ആഘോഷമാക്കി ഗൂഗിൾ ഡൂഡിലും. നദിയിലൂടെ ഒഴുകിപ്പോകുന്ന ആനിമേറ്റഡ് കഥാപാത്രങ്ങളാണ് ലോഗോയ്ക്ക് പകരം ഇന്ന് ഗൂഗിൾ ഡൂഡിൽ അവതരിപ്പിച്ചത്. സെയ്ൻ നദിയുടെ കിഴക്കൻ ഭാഗമായ ഓസ്ട്രലിസ്റ്റിന് സമീപത്ത് നിന്ന് നദിയിലൂടെ ബോട്ട് മാർഗമാണ് ഉദ്ഘാടനത്തിനായി താരങ്ങളെ വേദിയിലെത്തിക്കുന്നത്. ഇതേ യാത്രയാണ് ആനിമേറ്റഡ് ആയി ഗൂഗിളും ഡൂഡിലിലൂടെ പ്രതീകവത്ക്കരിച്ചത്.

ഡൂഡിൽ ബാനറിൽ ക്ലിക്ക് ചെയ്യുമ്പോൾ പാരീസ് ഒളിമ്പിക്സിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളുടെ വിൻഡോ ഓപ്പൺ ആവുകയും ചെയ്യും. ഗൂഗിളിന്റെ ഈ ആനിമേറ്റഡ് ഡൂഡിൾ ഈ ദിവസം മുഴുവനും ഗൂഗിളിൽ കാണാനും കഴിയും. എന്നാൽ ഡൂഡിൽ ഡിസൈനറുടെ പേര് ഗൂഗിൾ വെളിപ്പെടുത്തിയിട്ടില്ല. ഇന്ന് മുതൽ ഓഗസ്റ്റ് 11 വരെയാണ് സമ്മർ ഒളിമ്പിക്‌സിന് പാരീസ് ആതിഥേയത്വം വഹിക്കുന്നത്.

ഉദ്ഘാടനത്തിന് രണ്ട് ദിവസം മുന്നേ തന്നെ അമ്പെയ്ത്ത്, സോക്കർ, ഹാൻഡ്‌ ബോൾ, റഗ്ബി എന്നിവയിൽ പ്രാഥമിക റൗണ്ടുകളോടെ മത്സരം ആരംഭിച്ചിരുന്നു. ന്യൂസിലൻഡിനെതിരായ ഇന്ത്യൻ പുരുഷ ഹോക്കി ടീമിൻ്റെ ആദ്യ പൂൾ ഗെയിമോടെ ജൂലൈ 27 ശനിയാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബാഡ്മിൻ്റൺ, ബോക്‌സിംഗ്, ഷൂട്ടിംഗ്, ടേബിൾ ടെന്നീസ് ഇനങ്ങളും അതേദിവസം തന്നെ ആരംഭിക്കും.

ജാവലിൻ താരം നീരജ് ചോപ്ര, ബാഡ്മിൻ്റൺ താരങ്ങളായ പി.വി. സിന്ധു, സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, ഭാരോദ്വഹന താരം മീരാഭായ് ചാനു ഉൾപ്പടെ, 70 പുരുഷന്മാരും 47 സ്ത്രീകളും ഉൾപ്പെടെ 69 ഇനങ്ങളിലായി 117 ഇന്ത്യൻ മത്സരാർത്ഥികൾ ആണ് ഒളിപിക്‌സിൽ പങ്കെടുക്കുന്നത്.

SCROLL FOR NEXT