NEWSROOM

തൃശൂരിൽ പള്ളി വികാരിക്ക് നേരെ കയ്യേറ്റം, വ്യാപാരിയെയും കുടുംബത്തെയും മർദ്ദിച്ചു; പ്രതികൾ ഒളിവിൽ

ഫാദർ ആൻറണി പറമ്പത്തിനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ എത്തിയ തന്നെ പ്രതികൾ ക്രൂരമായി മർദ്ദിച്ചുവെന്നും.ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന 12000 രൂപയും സ്വർണ്ണമാലയും അപഹരിച്ചുവെന്നും ആൻറണി പറയുന്നു

Author : ന്യൂസ് ഡെസ്ക്

തൃശ്ശൂർ മാളയിൽ പള്ളിവികാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വ്യാപാരിയെയും കുടുംബത്തെയും മർദ്ദിക്കുകയും ചെയ്ത കേസിൽ നാലുപേർ ഒളിവിൽ. മാള തിരുമുക്കുളം സ്വദേശികളായ ഡേവിസ് , ലിനു, ഷൈജു, ലിൻസൺ എന്നിവരാണ് ഒളിവിൽ പോയത്. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികൾ ചേർന്ന് കയ്യേറ്റവും അതിക്രമവും നടത്തിയത്



ക്രിസ്മസിനോട് അനുബന്ധിച്ച് തിരുമകുളം പള്ളിയിൽ സ്ഥാപിച്ച ട്രീയിലും നക്ഷത്രങ്ങളിലും വെളിച്ചം കുറവാണ് എന്ന് ആരോപിച്ചാണ് പ്രതികൾ പള്ളിവികാരി ആൻറണി പറമ്പത്തുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടത്. പ്രദേശവാസികളും ഇടവകാംഗങ്ങളുമായ പ്രതികൾ പുരോഹിതനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് കണ്ട് തടയാനാണ് സമീപവാസിയായ ആന്റണി എന്ന ആന്റപ്പൻ എത്തിയത്.


പുരോഹിതൻറെ വാഹനത്തിൻറെ താക്കോൽ ഊരിയെടുത്ത് കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതികൾ ആൻറണി എത്തിയതോടെ ഇയാൾക്ക് നേരെ തിരിഞ്ഞു. പിന്നെ പ്രതികൾ സംഘം ചേർന്ന് ആൻറണിയെയും തടയാൻ എത്തിയ ഭാര്യയും മക്കളെയും മർദ്ദിച്ചു.

ഫാദർ ആൻറണി പറമ്പത്തിനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ എത്തിയ തന്നെ പ്രതികൾ ക്രൂരമായി മർദ്ദിച്ചുവെന്നും.ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന 12000 രൂപയും സ്വർണ്ണമാലയും അപഹരിച്ചുവെന്നും ആൻറണി പറയുന്നു, കടയിലും വീട്ടിലും അതിക്രമിച്ചു കയറി പ്രതികൾ ആക്രമണം നടത്തി.ഒരു ലക്ഷം രൂപയുടെ സാധനസാമഗ്രികൾ അടിച്ചു തകർത്തെന്നും ആന്റണി പറഞ്ഞു.


ശനിയാഴ്ച രാത്രി എട്ടരയോടുകൂടി നടന്ന സംഭവത്തിന് ശേഷം ഏറെ നേരം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ച ശേഷമാണ് പ്രതികൾ ഒളിവിൽ പോയത്. ശനിയാഴ്ച രാത്രി തന്നെ ആൻറണിയും കുടുംബവും ആശുപത്രിയിൽ ചികിത്സ തേടി.ഫാദർ ആൻറണി പറമ്പത്തിന്റെയും ആൻറണിയുടെയും പരാതിയിൽ കേസെടുത്ത മാള പോലീസ് ജാമ്യമില്ല വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.


ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച പ്രദേശത്തെ വ്യാപാരികളും പള്ളി കമ്മിറ്റിയും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

SCROLL FOR NEXT