NEWSROOM

പ്രളയ ദുരിതബാധിതര്‍ക്ക് തിരിച്ചടിയായി സര്‍ക്കാർ നടപടി; ധനസഹായത്തിലെ പകുതി തിരിച്ചടക്കണമെന്ന് നോട്ടീസ്, നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിൽ

ലാൻ്റ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം തിരൂരങ്ങാടി തഹസീല്‍ദാറാണ് നോട്ടീസ് നൽകിയത്

Author : ന്യൂസ് ഡെസ്ക്

പ്രളയ ദുരിത ബാധിതര്‍ക്ക് തിരിച്ചടിയായി സര്‍ക്കാർ നടപടി. പ്രളയദുരിതാശ്വാസ ധനസഹായമായി സർക്കാർ നൽകിയ തുകയിലെ പകുതി തുക തിരിച്ചടക്കണമെന്ന് കാണിച്ച് മലപ്പുറത്ത് ദുരിതബാധിതര്‍ക്ക് സര്‍ക്കാറിന്റെ നോട്ടീസ്. ലാൻ്റ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം തിരൂരങ്ങാടി തഹസീല്‍ദാറാണ് നോട്ടീസ് നൽകിയത്. പതിനായിരം രൂപ തിരിച്ചടച്ചില്ലെങ്കിൽ താലൂക്കിലെ 125 കുടുംബങ്ങള്‍ ജപ്തി നേരിടേണ്ടി വരുമെന്ന് നോട്ടീസിൽ പറയുന്നുണ്ട്. നിർധനരും രോഗികളുമായ നിരവധി കുടുംബങ്ങൾ പണം തിരിച്ചടക്കാൻ കഴിയാതെ കടുത്ത പ്രതിസന്ധിയിലാണിപ്പോൾ.

30 വർഷം മുമ്പ് പഞ്ചായത്ത് ധനസഹായത്തോടെ നിർമ്മിച്ച വീട്ടിലാണ് പരപ്പനങ്ങാടി കരിങ്കല്ലത്താണി ചെമ്പയിൽ വിട്ടിൽ സൈതലവിയും ഭാര്യ മൈമുനയും കഴിയുന്നത്. 2019ലെ പ്രളയത്തിൽ ഈ വീടിനും കേടുപാട് സംഭവിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അഞ്ച് തവണ ആൻജിയോ പ്ലാസ്റ്റി ചെയതയാളാണ് സെയ്തലവി. മരുന്ന് വാങ്ങാൻ കഷ്ടപ്പെടുന്ന സെയ്തലവിയോട് പതിനായിരം രൂപ തിരിച്ചടക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

പക്ഷാഘാതത്തെ തുടർന്ന് ഒരു വശം തളർന്ന് കിടപ്പാണ് കൊടിഞ്ഞി കാടാംകുന്നിലെ ബഷീർ. ബഷീറിൻ്റെ വീട്ടിലും 2019ലെ പ്രളയത്തിൽ വെള്ളം കയറിയിരുന്നു. രണ്ടു തവണകളിലായി സർക്കാരിൽ നിന്ന് ലഭിച്ച ഇരുപതിനായിരം രൂപ കൊണ്ടാണ് ഓടിട്ട വീടിൻ്റെ അറ്റകുറ്റ പണി തീർത്തത്. പണം തിരിച്ചടക്കാൻ ഒരു വഴിയുമില്ലെന്നാണ് നിത്യരോഗിയായ 53കാരൻ പറയുന്നത്.

ദുരിത ബാധിതരോടുള്ള സർക്കാരിൻ്റെ ക്രൂരതക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ സാങ്കേതിക പിഴവുമൂലമാണ് പതിനായിരം രൂപ അധികം നൽകിയത് എന്നാണ് സർക്കാർ വിശദീകരണം. തുക തിരിച്ചടച്ചില്ലെങ്കിൽ വീടുകൾ ജപ്തി ചെയ്യുമെന്ന സർക്കാർ ഭീഷണിയിൽ പേടിച്ചാണ് 125 കുടുംബങ്ങൾ ഇവിടെ കഴിയുന്നത്.

SCROLL FOR NEXT