NEWSROOM

'ഫണ്ട് നല്‍കാതെ സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളെ വീര്‍പ്പുമുട്ടിയ്ക്കുന്നു'; നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്

സർക്കാർ പരിപാടികൾക്ക് പണം കണ്ടെത്തുന്നതിനുള്ള കറവപ്പശുവായി തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ മാറ്റി

Author : ന്യൂസ് ഡെസ്ക്

സര്‍ക്കാരിനെതിരെ നിയമസഭയില്‍ വിമര്‍ശനവുമായി പ്രതിപക്ഷം. പദ്ധതി വിഹിതം നല്‍കാതെ തദ്ദേശസ്ഥാപനങ്ങളെ സര്‍ക്കാര്‍ വീര്‍പ്പുമുട്ടിയ്ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയം ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു. ഫണ്ട് അനുവദിക്കാതെ സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളെ ശ്വാസംമുട്ടിക്കുന്നതായി ചൂണ്ടിക്കാട്ടി ടി. സിദ്ദിഖാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്.

ഓരോ വര്‍ഷം കഴിയുമ്പോഴും നല്‍കുന്ന തുകയില്‍ 28 കോടി രൂപയുടെ കുറവുണ്ടാകുന്നു. സര്‍ക്കാര്‍ പരിപാടികള്‍ക്ക് പണം കണ്ടെത്തുന്നതിനുള്ള കറവപ്പശുവായി തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ മാറ്റിയെന്നും ടി. സിദ്ദിഖ് പറഞ്ഞു. അതേസമയം കേന്ദ്രം അടിച്ചേല്‍പ്പിച്ച സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് മന്ത്രി എം. ബി രാജേഷ് മറുപടി പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും 3887.02 കോടി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം തന്നെ അനുവദിച്ചതായും എം.ബി രാജേഷ് സഭയെ അറിയിച്ചു.

എന്നാല്‍ പദ്ധതി ചെലവ് 71. 46 ശതമാനം മാത്രമാണെന്ന കണക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പുറത്തുവിട്ടു. കണക്ക് വെച്ചുള്ള കള്ളത്തരമാണ് സര്‍ക്കാര്‍ പറയുന്നത് എന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. ഇക്കഴിഞ്ഞ ആറാം തീയതിയിലെ വികേന്ദ്രീകൃതാസൂത്രണ കോഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തിന്റെ മിനിട്ട്‌സും പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

SCROLL FOR NEXT