കലോത്സവ വേദിയിൽ നിസഹകരണ സമരവുമായി സർക്കാർ ഡോക്ടർമാർ. 25 കലോത്സവ വേദികളിലും ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരിക്കില്ലെന്ന് കാണിച്ച് ഡോക്ടർമാർ ഡിഎംഒയ്ക്ക് കത്ത് നൽകി. ആര്യനാട് ആശുപത്രിയിലെ ഡോക്ടർക്കെതിരായ നടപടിയിലാണ് പ്രതിഷേധം.
ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ വ്യാജ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം പോലും നടത്താതെ സസ്പെൻഡ് ചെയ്തു എന്ന് ആരോപിച്ച് ഒക്ടോബർ 23 മുതൽ ജില്ലയിലെ കെജിഎംഒഎ അംഗങ്ങൾ അനിശ്ചിതകാല നിസഹകരണ സമരത്തിലാണെന്ന് ഡോക്ടർമാർ ഡിഎംഒയെ അറിയിച്ചു. അനുമതിയില്ലാതെ സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നായിരുന്നു ആരോപണവിധേയനായ ഡോക്ടർക്കെതിരെ വന്ന വാർത്ത. എന്നാൽ ഇത് വസ്തുതാവിരുദ്ധമാണെന്നാണ് ഡോക്ടർമാരുടെ വാദം.
അടിയന്തര വൈദ്യസഹായത്തിനായി പ്രധാന വേദികളിൽ മെഡിക്കൽ സംഘം സജ്ജമാക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. മറ്റ് വേദികളിൽ ഫസ്റ്റ് എയ്ഡ് ടീമും കനിവ് 108 ആംബുലൻസ് സേവനവുമുണ്ടാകുമെന്നും അറിയിച്ചിരുന്നു. ഡോക്ടർ, നഴ്സിങ് ഓഫീസർ, നഴ്സിങ് അസിസ്റ്റന്റ് / ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് 1 എന്നിവരടങ്ങിയ മെഡിക്കൽ ടീമും ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. പതിനായിരത്തിനു മുകളിൽ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അതിലുമേറെ കാണികളും പങ്കെടുക്കുന്ന കലോത്സവത്തിൽ ഡോക്ടർമാരുടെ സേവനം ലഭ്യമായില്ലെങ്കിൽ വലിയ പ്രതിസന്ധിക്ക് കാരണമാകും. പ്രശ്ന പരിഹാരത്തിനുള്ള ശ്രമത്തിലാണ് അധികൃതർ.
Also Read: വയനാട് ഡിസിസി ട്രഷറർ ജീവനൊടുക്കിയ സംഭവം: മരണവും സാമ്പത്തിക ഇടപാടും അന്വേഷിക്കാന്‍ വിജിലന്‍സ്
അതേസമയം, 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടി ഉയർന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐഎഎസ് ആണ് പതാക ഉയർത്തിയത്. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.