NEWSROOM

മഞ്ചേശ്വരം കോഴക്കേസ്: വിചാരണ കോടതി ഉത്തരവ് റദ്ദാക്കണം; ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകി സർക്കാർ

വിചാരണക്ക് മുമ്പേ കേസ് തീർപ്പു കൽപ്പിക്കുന്ന പ്രവണത കോടതി കാണിച്ചുവെന്നും സർക്കാർ ഹർജയിൽ ആരോപിക്കുന്നു

Author : ന്യൂസ് ഡെസ്ക്

മഞ്ചേശ്വരം തെ‍രഞ്ഞെടുപ്പ് കോഴക്കേസ് വിധിക്കെതിരെ സ‌ർക്കാർ ഹൈക്കോടതിയിൽ പുനപരിശോധനാ ഹർജി നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. പ്രതികൾ നൽകിയ രേഖകൾക്കാണ് പ്രോസിക്യൂഷൻ രേഖകളേക്കാൾ കോടതി പ്രാധാന്യം നൽകിയത്. വിചാരണയ്ക്ക് മുമ്പേ കേസ് തീർപ്പുകൽപ്പിക്കുന്ന പ്രവണത കോടതി കാണിച്ചുവെന്നും സർക്കാർ ഹർജയിൽ ആരോപിക്കുന്നു.

ALSO READ: മഞ്ചേശ്വരം കോഴക്കേസ്: കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ റിവിഷൻ ഹർജി നൽകാൻ സർക്കാർ

തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ വെറുതെവിടാൻ കാരണമായത് പ്രോസിക്യൂഷൻ്റെ വീഴ്ചകളെന്ന കോടതി കണ്ടെത്തൽ സർക്കാരിനും ആഭ്യന്തര വകുപ്പിനും തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിൻ്റെ തുടർ നീക്കം. കാസർ​ഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി ഫയൽ ചെയ്യുമെന്ന് സനീഷ് കുമാർ എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ മറുപടി നൽകിയിരുന്നു.

ALSO READ: 'സിപിഐ നേതാക്കള്‍ കാട്ടുകള്ളന്മാര്‍; ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് ലീഗിന് വിറ്റു': വീണ്ടും അന്‍വര്‍

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കെ.സുരേന്ദ്രനെതിരേ കോഴ ആരോപണം ഉയർന്നത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. കെ. സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ. മണികണ്ഠ റൈ രണ്ടാം പ്രതിയും, സുരേഷ് നായ്ക്ക് മൂന്നാം പ്രതിയുമായിരുന്നു. യുവ മോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായ്ക്കായിരുന്നു നാലാം പ്രതി. ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് കെ. ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവരും പ്രതികളായിരുന്നു.

സിപിഎം സ്ഥാനാർഥിയായിരുന്നു വി.വി. രമേശനാണ് കോഴ ആരോപണം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. എന്നാൽ അന്വേഷണത്തിലും കേസ് നടത്തിപ്പിലും പൊലീസും പ്രോസിക്യൂഷനും വീഴ്ച വരുത്തിയത് ബോധപൂർവം ആയിരുന്നെന്ന ആരോപണമാണ് ഉയരുന്നത്. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതും, പ്രതികൾക്കെതിരെ എസ്‌.സി/ എസ്.ടി  വകുപ്പ് ചേർത്തതും ഉൾപ്പെടെയുള്ള വീഴ്ചകൾ വിധിന്യായത്തിൽ കോടതി എടുത്തുപറഞ്ഞിരുന്നു. മഞ്ചേശ്വരം കോഴക്കേസിലെ കോടതി വിധി വന്നതോടെ സിപിഎം-ആർഎസ്എസ് ഡീലിൻ്റെ ഭാഗമായാണെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിയിരുന്നു.

SCROLL FOR NEXT