NEWSROOM

'ഐഎഎസ് ഉദ്യോഗസ്ഥനായ ജയതിലകനെ വിമർശിച്ചത് കുറ്റകരം'; എൻ. പ്രശാന്തിനെതിരെ സർക്കാർ ചാർജ് മെമ്മോ

കൃഷിവകുപ്പിൻ്റെ ഉൽപ്പന്നം ഫേസ്ബുക്കിൽ പങ്കുവെച്ചത് സദുദ്ദേശപരമല്ലെന്ന് മെമ്മോയിൽ പറയുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

സമൂഹമാധ്യമത്തില്‍ പ്രകോപനപരമായ പരാമർശങ്ങള്‍ നടത്തിയ കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെതിരെ സർക്കാർ ചാർജ് മെമ്മോ. ഐഎഎസ് ഉദ്യോഗസ്ഥരായ കെ. ഗോപാലകൃഷ്ണനെയും ജയതിലകനെയും വിമർശിച്ചത് തെറ്റാണെന്ന് മെമ്മോയിൽ പറയുന്നു.
പരാമർശങ്ങൾ ഗോപാലകൃഷ്ണന് അപമാനവും മാനഹാനിയും ഉണ്ടാക്കിയെന്നാണ് കുറ്റാരോപണ മെമ്മോയിലുള്ളത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലകനെ വിമർശിച്ചത് കുറ്റകരമെന്നും മെമ്മോയിൽ പറയുന്നു.



കൃഷിവകുപ്പിൻ്റെ ഉൽപ്പന്നം ഫേസ്ബുക്കിൽ പങ്കുവെച്ചത് സദുദ്ദേശപരമല്ലെന്ന് മെമ്മോയിൽ പറയുന്നുണ്ട്. സസ്പെൻഷനിൽ ആകുന്ന സമയത്ത് കൃഷിവകുപ്പിലെ സ്പെഷ്യൽ സെക്രട്ടറിയായിരുന്നു എൻ പ്രശാന്ത്.' കള പറിക്കാൻ ഇറങ്ങിയതാണ്' എന്ന പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചാണെന്നാണ് ചാർജ് മെമ്മോ. എസ്‌സി, എസ്‌ടി ഉന്നമനത്തിനായി തുടങ്ങിയ 'ഉന്നതി'യുടെ സിഇഒ ആയിരുന്ന കാലത്തെ എൻ. പ്രശാന്തിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് പ്രശാന്ത് ഫേസ്ബുക്ക് പോരിന് തുടക്കമിട്ടത്.

തനിക്കെതിരെ മാതൃഭൂമിക്ക് വാർത്ത നൽകുന്നത് ജയതിലകാണെന്നായിരുന്നു പ്രശാന്തിൻ്റെ ആരോപണം. 'സ്പെഷൽ റിപ്പോർട്ടർ' എന്നാണ് ജയതിലകിനെ പ്രശാന്ത് വിശേഷിപ്പിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചു. സ്വയം കുസൃതി ഒപ്പിച്ചിട്ട് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടി വരുന്നെന്നായിരുന്നു കെ.ഗോപാലകൃഷ്ണന് നേരെയുള്ള പ്രശാന്തിൻ്റെ പരിഹാസം. പോസ്റ്റില്‍ മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി ജയതിലക് എന്ന വ്യക്തി തന്നെയാണെന്നും പ്രശാന്ത് അധിക്ഷേപിച്ചു. ഇതിനെ തുടർന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പ്രശാന്തിനോട് വിശദീകരണം തേടിയിരുന്നു.


ചീഫ് സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടിട്ടും പ്രശാന്ത് പിന്നോട്ടില്ലെന്നാണ് പിന്നീടും ഫേസ്ബുക്ക് പോസ്റ്റിട്ടതിൽ നിന്നും വ്യക്തമാകുന്നത്. പോസ്റ്റില്‍ 'വിസില്‍ ബ്ലോവർ' എന്നാണ് എന്‍. പ്രശാന്ത് സ്വയം വിശേഷിപ്പിച്ചത്. 'പബ്ലിക് സ്ക്രൂട്ടണി ഉണ്ടെങ്കിൽ മാത്രമേ ന്യായമായത്‌ നടക്കൂ എന്ന സമകാലിക ഗതികേട്‌ കൊണ്ടാണ്‌ റിസ്‌ക്‌ എടുത്ത്‌ ഒരാൾ 'വിസിൽ ബ്ലോവർ' ആവുന്നത്‌ എന്നത്‌ ദയവായി മനസ്സിലാക്കുക. ഭരണഘടനയുടെ 311 ആം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരു ഐഎഎസുകാരനെങ്കിലും ധൈര്യപൂർവ്വം ഒരു 'വിസിൽ ബ്ലോവർ' ആയേ പറ്റൂ. 'തൽക്കാലം ഞാനല്ലാതെ ആര്‌?',എന്ന് പ്രശാന്ത് ഫേസ്ബുക്കില്‍ എഴുതി. മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിന് പിന്നാലെയാണ് ഐഎഎസ് തലപ്പത്ത് പോര് ശക്തമായത്. വിവരാവകാശ പ്രകാരം പൊതുജനത്തിന് അറിയാൻ കഴിയുന്ന കാര്യങ്ങൾ മാത്രമായിരിക്കും വെളിപ്പെടുത്തുകയെന്നായിരുന്നു പ്രശാന്തിൻ്റെ വാദം.


SCROLL FOR NEXT