NEWSROOM

എഡിജിപിയെ മാറ്റി നിർത്തിയതിൽ സിപിഐക്ക് സന്തോഷം; ഇത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയം: ബിനോയ് വിശ്വം

എൽഡിഎഫ് രാഷ്ട്രീയത്തിന് ഇങ്ങനെയേ പ്രവർത്തിക്കാൻ കഴിയുകയുള്ളുവെന്നും ബിനോയ് വിശ്വം

Author : ന്യൂസ് ഡെസ്ക്



എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി നിർത്തണം എന്നാണ് സിപിഐ ആദ്യം മുതലേ ഉന്നയിച്ച ആവശ്യം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതിനപ്പുറത്തേക്ക് ഒരു തീരുമാനം സിപിഐക്ക് ഉണ്ടായിരുന്നില്ല. ഈ ആവശ്യമാണ് ഇപ്പോൾ ഗവൺമെൻ്റ് അംഗീകരിച്ചത്. ഇത് സിപിഐയുടെ വിജയമാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഈ വിജയം സിപിഐക്ക് സന്തോഷം ഉണ്ടാക്കുന്നത് ആണ്. എന്നാൽ ഇത് എൽഡിഎഫ് രാഷ്ട്രീയത്തിൻ്റെ വിജയമാണെന്നും, എൽഡിഎഫ് രാഷ്ട്രീയത്തിന് ഇങ്ങനെയേ പ്രവർത്തിക്കാൻ കഴിയുകയുള്ളുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ എല്ലാ ഘട്ടങ്ങളിലും എൽഡിഎഫ് ഒരു പ്രത്യേക നയത്തിന്റെയും കാഴ്ചപ്പാടിന്റെയും പക്ഷമാണെന്നാണ് സിപിഐ കാണുന്നത്. മറുഭാഗത്തുള്ളത് തീവ്രമായ വലതുപക്ഷ ഫാസിസ്റ്റ് രാഷ്ട്രീയത്തിൻ്റെ അടയാളമായ ആർഎസ്എസ് ആണ്. ഇവരാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നന്മകളെ ഇല്ലാതാക്കി രാജ്യമാകെ ഇരുട്ട് പരത്താൻ ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് ഭരിക്കുന്ന കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥന് ആആർഎസ്എസുമായി ബന്ധമുണ്ടെന്ന് പറയുന്ന സാഹചര്യത്തിൽ, ആ സ്ഥാനത്ത്   ഉദ്യോഗസ്ഥൻ തുടരുന്നത് ഉചിതമല്ലെന്ന് തന്നെയാണ് സിപിഐ പറഞ്ഞതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ആ രാഷ്ട്രീയം തന്നെയാണ് എൽഡിഎഫ് നടപ്പാക്കിയത്. എൽഡിഎഫ് രാഷ്ട്രീയത്തിന്റെ ആവശ്യം പൂർണമായും സർക്കാർ ഉത്തരവിലുണ്ട്. സിപിഐ ആവശ്യപ്പെട്ടത് ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപിയെ മാറ്റുക എന്നതാണ്. അത് സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ ഞങ്ങൾ ശ്രമിക്കേണ്ടതില്ല. ആ രാഷ്ട്രീയത്തിൻ്റെ വശങ്ങൾ എല്ലാവർക്കും അറിയാം. ഉത്തരവ് വ്യക്തമല്ല എന്ന് പറയുന്നത് തെറ്റ് ആണ്. ഉത്തരവിൽ കൃത്യമായ കാര്യം പറയുന്നുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

SCROLL FOR NEXT