അർജന്‍റീന കടക്കെണിയിലായതോടെ രാജ്യത്തെ സർവകലാശാലകൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചു. ആയിരക്കണക്കിന് വിദ്യാർഥികളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് പൊതുവിദ്യാഭ്യാസ രംഗത്ത് ഇത്തരത്തിലൊരു തീരുമാനം കൊണ്ടുവന്നത്. യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ഫണ്ടിംഗ് ഉറപ്പുനൽകുന്ന നിയമം കോൺഗ്രസ് പാസാക്കിയിരുന്നു. ഇത് വീറ്റോ ചെയ്യുമെന്ന പരാമർശമാണ് വീണ്ടും വിദ്യാർഥികളെ തെരുവിൽ ഇറക്കിയത്.
ALSO READ: അർജൻ്റീനയിൽ നാലരക്കോടിയോളം ജനം പട്ടിണിയിൽ; റിപ്പോർട്ടുകൾ പുറത്ത്
അതേസമയം, ഭരണകൂട തീരുമാനത്തിനെതിരെ യൂണിവേഴ്സിറ്റി മോധാവിമാരും രംഗത്തെത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസത്തെ തകർക്കാൻ ഗവൺമെൻ്റിന് വ്യവസ്ഥാപിതമായ പദ്ധതി ഉണ്ടെന്നായിരുന്നു ഒരു യൂണിവേഴ്സിറ്റി മേധാവിയുടെ പ്രതികരണം. സോഷ്യലിസ്റ്റ് ആശയത്തിൻ്റെ കേന്ദ്രങ്ങളാണ് പൊതു സർവകലാശാലകളെന്നാണ് മിലി ഭരണകൂടത്തിൻ്റെ നിലപാട്.
ALSO READ: അർജൻ്റീനയിലെ 'ഹിച്ച്കോക്കിയന്‍ പ്രശ്നം'; പട്ടണങ്ങള്‍ കീഴടക്കി തത്തകള്‍
രാജ്യത്തെ പകുതിയിലധികം ജനം ദാരിദ്ര്യത്തിലാണ്. അർജൻ്റീനയുടെ വാർഷിക പണപ്പെരുപ്പം വലിയ തോതിലാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതിനാൽ ഈ ചെലവ് ചുരുക്കലുകൾ സമ്പദ് വ്യവസ്ഥക്ക് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി ന്യായീകരിക്കുകയാണ് ഭരണകൂടം. സർവകലാശാല ഫണ്ടിംഗ് വെട്ടിക്കുറച്ചതിൻ്റെ ഭാഗമായി ഏപ്രിലിലും പ്രതിഷേധം ഉയർന്നിരുന്നു. വിദ്യാർഥികളും അധ്യാപകരും സാമൂഹ്യ സംഘടനകളും ഭാഗമായ പ്രതിഷേധത്തെ തുടർന്ന് സർക്കാർ തീരുമാനത്തിൽ നിന്ന് പിറകോട്ട് പോകുകയായിരുന്നു.