NEWSROOM

തൃശൂർ പൂര വിവാദം; പുനരന്വേഷണ പ്രഖ്യാപനം ഇന്ന്, കമ്മീഷണർക്കെതിരായ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് എഡിജിപിക്കെതിരെ കൂടി ആരോപണങ്ങളുയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ ഡിജിപി തലത്തിലാകും അന്വേഷണം

Author : ന്യൂസ് ഡെസ്ക്

തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ സർക്കാർ ഇന്ന് പുനരന്വേഷണം പ്രഖ്യാപിക്കും. എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ റിപ്പോർട്ട് പാടേ തള്ളിയാണ് സർക്കാരിൻ്റെ തീരുമാനം. പി.വി. അൻവറിൻ്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും.

പൂരം അലങ്കോലമാക്കിയത് തൃശൂർ കമ്മീഷണർ ആയിരുന്ന അങ്കിത് അശോകും തിരുവമ്പാടി ദേവസ്വവുമാണെന്ന എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ റിപ്പോർട്ട് പൂർണമായും സർക്കാർ തള്ളി. ഇക്കാര്യത്തിൽ പുനരന്വേഷണം നടത്താനാണ് തീരുമാനം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഇക്കാര്യം ധരിപ്പിച്ചു. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ അന്വേഷണം സംബന്ധിച്ച തീരുമാനം ഉണ്ടാകും. പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് എഡിജിപിക്കെതിരെ ആരോപണങ്ങളുയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ ഡിജിപി തലത്തിലാകും അന്വേഷണം.

സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹേബിൻ്റെ കർശന നിലപാടാണ് എഡിജിപിയുടെ റിപ്പോർട്ട് തള്ളാൻ സർക്കാരിനെ നിർബന്ധിതമാക്കിയത്. പൂരം അലങ്കോലമാക്കിയതിന് പിന്നിലെ ഗൂഢാലോചനയും പൊലീസ് വീഴ്ചയും അന്വേഷിക്കണം എന്നായിരുന്നു ഡിജിപി റിപ്പോർട്ടിൽ കുറിച്ചത്. ഡിജിപിയുടെ നിർദേശം ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയും ആവർത്തിച്ചു. ജുഡീഷ്യൽ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കേണ്ടെന്നാണ് മുന്നണിയുടെ പൊതുനിലപാട്.

അതേസമയം ആർഎസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപിക്കെതിരെ നടപടി വേണമെന്ന സിപിഐ നിലപാട് ബിനോയ് വിശ്വം ആവർത്തിച്ചു. റിപ്പോർട്ട് കിട്ടിയാൽ നടപടി ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി സിപിഐ നേതൃത്വത്തിന് നൽകിയിട്ടുണ്ട്. പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടും ഡിജിപി ഇന്ന് സർക്കാരിന് സമർപ്പിച്ചേക്കും.

SCROLL FOR NEXT