NEWSROOM

'കത്ത് പോര്' തുടര്‍ന്ന് ഗവര്‍ണര്‍ ; കസ്റ്റംസിന് വീഴ്ച ഉണ്ടെങ്കിൽ മുഖ്യമന്ത്രി തന്നെ അറിയിക്കണമായിരുന്നു

മുഖ്യമന്ത്രി തനിക്ക് അയച്ച കത്തിൽ തന്നെ ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് പറയുന്നു. തന്‍റെ ചോദ്യങ്ങൾക്കും മറുപടി നൽകാതെ തന്നെ ഇരുട്ടിൽ നിർത്തിയെന്ന് ഗവര്‍ണര്‍ ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും കത്തയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിമര്‍ശിച്ചു കൊണ്ടാണ് കത്ത്. മുഖ്യമന്ത്രി തനിക്ക് അയച്ച കത്തിൽ തന്നെ ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് പറയുന്നു. തന്‍റെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ തന്നെ ഇരുട്ടിൽ നിർത്തിയെന്ന് ഗവര്‍ണര്‍ ആരോപിച്ചു.

കസ്റ്റംസിന് വീഴ്ച ഉണ്ടെങ്കിൽ തന്നെ അറിയിക്കണമായിരുന്നു. സമയത്ത് മറുപടി ലഭിക്കാത്തതിനാലാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ചോദിച്ചത്. രാഷ്ട്രപതിയെ കാര്യങ്ങൾ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. ഇതിനു വേണ്ടിയാണ് ഉദ്യോഗസ്ഥരോട് വിശദാംശങ്ങൾ തേടിയത്. ഉദ്യോഗസ്ഥർ നേരത്തെയും തന്നെ വന്നു കണ്ടിട്ടുണ്ട്. സംസ്ഥാനത്തെ ഭരണനിർവഹണ കാര്യങ്ങൾ മുഖ്യമന്ത്രി ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിൽ തന്നെ പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും സർക്കാർ ചെയ്യുന്നില്ലെന്നും ഗവർണര്‍ കത്തിലൂടെ കുറ്റപ്പെടുത്തി.

ചീഫ് സെക്രട്ടറിക്കും ഡിജിപിയ്ക്കും രാജ്ഭവനിൽ പ്രവേശനമില്ലെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. നിരന്തരം വന്നുകൊണ്ടിരുന്നവർ ആവശ്യപ്പെട്ടിട്ടും വന്നില്ല. മുഖ്യമന്ത്രിക്ക് ചിലത് ഒളിച്ചു വെക്കാനുണ്ട്. അതുകൊണ്ടാണ് ഉദ്യോഗസ്ഥർ രാജ്ഭവനിലേക്ക് വരുന്നത് തടഞ്ഞതെന്ന് ഗവര്‍ണര്‍ ആരോപിച്ചു. സര്‍ക്കാര്‍ രാജ്ഭവന് അയച്ച കത്തും ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമാക്കി.


SCROLL FOR NEXT