NEWSROOM

എട്ട് വർഷത്തിനിപ്പുറം ഇൻ്റേണൽ മാർക്ക് കൂട്ടി നൽകി; കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ നേതാവിൻ്റെ അധിക മാർക്ക് റദ്ദാക്കി ഗവർണർ

75% ഹാജർ ഇല്ലാതിരുന്ന ഡയാനയുടെ ഇന്റേണൽ മാർക്കിനൊപ്പമാണ് അധികൃതർ 17 മാർക്ക് കൂട്ടി നൽകിയത്.

Author : ന്യൂസ് ഡെസ്ക്

രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ മുൻ എസ്എഫ്ഐ വനിതാ നേതാവിന് കാലിക്കറ്റ് സർവകലാശാല അനുവദിച്ച അധിക മാർക്ക് റദ്ദാക്കി ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിലവിൽ കാലിക്കറ്റ് സർവകലാശാലയിൽ വിമൻസ് സ്റ്റഡീസ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്യുന്ന കെ.ഡയാനയുടെ മാർക്കാണ് ഗവർണർ റദ്ദാക്കിയത്. മാർക്ക് കൂട്ടി നൽകിയത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാട്ടിയാണ് ഗവർണറുടെ നടപടി.

2009-ലെ എം.എ. പരീക്ഷയിൽ ഡയാനക്ക് ലഭിച്ച മാർക്കിൽ കാലിക്കറ്റ് സർവകലാശാല 17 മാർക്ക്‌ കൂട്ടി നൽകിയിരുന്നു. 75% ഹാജർ ഇല്ലാതിരുന്ന ഡയാനയുടെ ഇന്റേണൽ മാർക്കിനൊപ്പമാണ് അധികൃതർ 17 മാർക്ക് കൂട്ടി നൽകിയത്. എട്ടു വർഷങ്ങൾക്കിപ്പുറം നടന്ന മാർക്ക് വർധനവിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ അംഗങ്ങൾ ഗവർണർക്ക് പരാതി നൽകിയിരുന്നു. യൂണിവേഴ്സിറ്റി ആക്ടിലെ വകുപ്പ് 7(3) അനുസരിച്ചാണ് അധികമായി നൽകിയ മാർക്ക് ഗവർണർ റദ്ദാക്കിയത്.


അതേസമയം വിദ്യാർഥികളുടെ ഹാജർ രേഖകൾ സർവകലാശാല സൂക്ഷിക്കാറില്ലെന്നും, അതിനാലാണ് ഹാജറില്ലാത്തവർക്കും ഹാജറിന്റെ മാർക്ക് നൽകാൻ തീരുമാനിച്ചതെന്നുമായിരുന്നു രജിസ്ട്രാറുടെ വിശദീകരണം. ഉമ്മളത്തൂർ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി യായി തെരഞ്ഞെടുക്കപ്പെട്ട ആളാണ് ഡയാന.

SCROLL FOR NEXT