സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി പരുക്കേറ്റതിന് ശേഷം തനിക്കായി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ബോളിവുഡ് നടൻ ഗോവിന്ദ. ചികിത്സയിലൂടെ കടന്നുപോകുന്ന നടൻ ആശുപത്രിയിൽ നിന്ന് ശബ്ദ സന്ദേശത്തിലൂടെയാണ് ലോകത്തോട് തന്റെ നന്ദി അറിയിച്ചത്. തൻ്റെ ആരാധകരുടെയും മാതാപിതാക്കളുടെയും ഗുരുവിൻ്റെയും അനുഗ്രഹമാണ് തന്നെ രക്ഷിച്ചതെന്നായിരുന്നു ഗോവിന്ദ വോയ്സ് മെസേജിലൂടെ പറഞ്ഞത്.
"എനിക്ക് ഒരു വെടിയുണ്ടയേറ്റു, പക്ഷേ അത് ഓപ്പറേറ്റ് ചെയ്ത് പുറത്തെടുത്തിരിക്കുന്നു. ആശുപത്രിയിലുള്ള ഡോക്ടർമാർക്കും നിങ്ങളുടെ പ്രാർത്ഥനകൾക്കും ഞാൻ നന്ദി പറയുന്നു," അദ്ദേഹം ഓഡിയോ ക്ലിപ്പിൽ പറഞ്ഞു.
പുലർച്ചെ 4.45 ഓടെയാണ് താരത്തിന് വെടിയേറ്റത്. കൊൽക്കത്തയിലേക്ക് പോകാൻ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് സംഭവം. സംഭവ സമയത്ത് ശിവസേന നേതാവ് കൂടിയായ നടൻ തനിച്ചായിരുന്നു. ഗോവിന്ദ തൻ്റെ ലൈസൻസുള്ള റിവോൾവർ അലമാരയിൽ സൂക്ഷിച്ച് എടുത്തുവെക്കാൻ പോവുകയായിരുന്നു എന്നാണ് അദ്ദഹേത്തിന്റെ മാനേജർ ശശി സിൻഹ മാധ്യമങ്ങളോട് പറഞ്ഞത്.
സംഭവം നടന്നതിന് പിന്നാലെ കൊൽക്കത്തയിലുള്ള ഭാര്യ സുനിത അഹൂജയെയും മാനേജരെയും താരം വിളിച്ചു. ഉടൻ തന്നെ പോലീസ് ജുഹുവിലെ വീട്ടിലെത്തി അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. താരത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മാനേജർ അറിയിച്ചു. അദ്ദേഹം ഇപ്പോഴും ആശുപത്രിയിലാണ്, മകൾ ടീന കൂടെയുണ്ട്. റിവോൾവർ ലൈസൻസുള്ള വ്യക്തിയാണ് ഗോവിന്ദ.