NEWSROOM

ക്ഷേമ പെൻഷൻ തട്ടിപ്പിൽ സർക്കാർ നടപടി തുടരുന്നു: 38 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, പണം 18% പലിശ സഹിതം തിരിച്ചു പിടിക്കും

സസ്പെൻഡ് ചെയ്തവരിൽ ഓഫീസ് അറ്റൻഡർ, സ്വീപ്പർ, വില്ലേജ് ഓഫീസ് അസിസ്റ്റൻ്റ്, ടൈപിസ്റ്റ്, ക്ലർക്ക് എന്നിവരുൾപ്പെടുന്നു

Author : ന്യൂസ് ഡെസ്ക്



ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ വകുപ്പ് തല നടപടി തുടരുന്നു. അനർഹമായി പെൻഷൻ കൈപറ്റിയ 38 സർക്കാർ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. റവന്യൂ വകുപ്പിലെ 34 പേർക്കും സർവേ ഭൂരേഖ വകുപ്പിലെ നാല് പേർക്കുമെതിരെയാണ് നടപടി. സസ്പെൻഡ് ചെയ്തവരിൽ ഓഫീസ് അറ്റൻഡർ, സ്വീപ്പർ, വില്ലേജ് ഓഫീസ് അസിസ്റ്റൻ്റ്, ടൈപിസ്റ്റ്, ക്ലർക്ക് എന്നിവരുൾപ്പെടുന്നു.


കൃഷി, പൊതുഭരണം, ആരോഗ്യം, അച്ചടി വകുപ്പുകളിലെ നടപടികൾക്ക് പിന്നാലെ റവന്യൂ വകുപ്പിലും, സർവേയും ഭൂരേഖയും വകുപ്പിലും സർക്കാർ നടപടി സ്വീകരിച്ചിരിക്കുകയാണ്. സസ്പൻഡ് ചെയ്ത ഉദ്യോഗസ്ഥരിൽ നിന്ന് അനർഹമായി കൈപറ്റിയ തുക 18% പലിശ സഹിതം തിരിച്ചു പിടിക്കും.

കഴിഞ്ഞ ദിവസം ആറ് താത്കാലിക സ്വീപ്പർമാരെ പിരിച്ചുവിടാൻ പൊതുഭകരണ വകുപ്പ് അഡിഷീണൽ സെക്രട്ടറി നിർദേശിച്ചിരുന്നു. അതിനിടെ അച്ചടി വകുപ്പിലും വീഴ്ച കണ്ടെത്തിയിരുന്നു. അച്ചടി വകുപ്പിലെ നാല് പേർക്കെതിരെയാണ് നടപടി. ഷൊർണൂർ സർക്കാർ പ്രസിലെ അസിസ്റ്റന്റ് ടൈം കീപ്പറോട് പണം തിരിച്ചടക്കാൻ നിർദേശം നൽകി. ജീവനക്കാരന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.



1458 സർക്കാർ ഉദ്യോഗസ്ഥർ അനർഹമായി പെൻഷൻ കൈപ്പറ്റുന്നതായാണ് ധനവകുപ്പിൻ്റെ കണ്ടെത്തൽ. പെൻഷൻ വാങ്ങുന്നവരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളേജ് പ്രൊഫസർമാരും ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതെന്നാണ് കണ്ടെത്തൽ.

373 പേരാണ് ആരോഗ്യവകുപ്പിൽ നിന്നും പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുള്ളത്. 224 പേർ പൊതു പൊതുവിദ്യാഭ്യാസ വകുപ്പിലുള്ളവരും മെഡിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പില്‍ 124 പേരും ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. കൂടാതെ ആയുര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും പൊതുമരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണെന്നാണ് റിപ്പോർട്ടിലുള്ളത്.

SCROLL FOR NEXT