NEWSROOM

റഷ്യൻ കൂലി പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത്: പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് സർക്കാർ

എഡിജിപി എസ്. ശ്രീജിത്താണ് കേസ് അന്വേഷിക്കുക

Author : ന്യൂസ് ഡെസ്ക്


റഷ്യൻ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ച് സംസ്ഥാന സർക്കാർ. എഡിജിപി എസ്. ശ്രീജിത്താണ് കേസ് അന്വേഷിക്കുക. റഷ്യയിൽ കൊല്ലപ്പെട്ട ബിനിലിന്റെയും പരിക്കേറ്റ ജെയിൻ കുര്യന്റെയും ബന്ധുക്കളുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് യുവാക്കളുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

യുദ്ധമേഖലയിൽ എത്തിപ്പെട്ടവരെ കബളിപ്പിച്ചാണ് പ്രതികൾ വ്യാജ കരാ‍ർ തയ്യാറാക്കിയതെന്നതിന്റെ തെളിവുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചതോടെ, മലയാളികൾ സ്വന്തം ഇഷ്ടപ്രകാരമാണ് റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്നതെന്ന പ്രതികളുടെ വാദം പൊളിഞ്ഞിരുന്നു. കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രനിൽ നിന്ന് ഒപ്പിട്ട് വാങ്ങിയ മുദ്രപ്പത്രത്തിൽ പ്രതികൾ ഉടമ്പടികൾ എഴുതി ചേർത്തത് യുവാവിന്റെ മരണ ശേഷമാണ്. കരാർ വ്യക്തമാക്കാത്ത മുദ്രപ്പത്രങ്ങളും ബ്ലാങ്ക് ചെക്കുകളും പ്രതികൾ എല്ലാവരിൽ നിന്നും ഒപ്പിട്ട് വാങ്ങിയിരുന്നതായി മോചിതരായവർ വ്യക്തമാക്കി.

ബിസിനസ് ആവശ്യത്തിനും സ്വകാര്യ ജോലി തേടുന്നതിനും ഒരു മാസത്തെ വിസയ്ക്ക് വേണ്ടി കരാറിൽ ഏർപ്പെടുന്നുവെന്നാണ് മുദ്രപ്പത്രത്തിൽ എഴുതിയിരുന്നത്. എന്നാൽ സന്ദീപിന്റെ മരണ ശേഷം ഇത് റഷ്യയെ സേവിക്കാൻ സന്നദ്ധനാണെന്നും സൈന്യത്തിൽ ചേരാൻ സമ്മതമാണെന്നും മാറ്റിയെഴുതുകയായിരുന്നു. ഭാവിയിൽ പരാതികളുണ്ടായാൽ പ്രതികൾക്ക് രക്ഷപെടാനാണ് ഇത്തരം കൃത്രിമ കരാറുകൾ ഉണ്ടാക്കിയതെന്ന് കൂലിപ്പട്ടാളത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയവർ പറയുന്നു. കേസിൽ അറസ്റ്റിലായ പ്രതികൾ തങ്ങളുടെ വീട്ടിലെത്തിയ ബന്ധുക്കളെയടക്കം സ്വാധീനിച്ചാണ് മനുഷ്യക്കടത്ത് നടത്തിയതെന്നും മോചിതരായവർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

അതേസമയം റഷ്യൻ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്തിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. മനുഷ്യ കടത്തിലെ മുഖ്യ ഏജൻ്റുമാരായ സന്ദീപ് തോമസ് , സുമേഷ് ആന്റണി , സിബി ഔസേപ്പ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

സന്ദീപ് തോമസും, സഹായി സുമേഷ് ആൻ്റണിയും മനുഷ്യ കടത്തിൻ്റെ പ്രധാന ഏജൻ്റുമാരാണെന്നും, കൂടുതൽ മലയാളികൾക്ക് ഇതിൽ പങ്കുണ്ടെന്നും കൂലിപ്പട്ടാളത്തിൽ നിന്ന് മോചിതനായ തൃശൂർ സ്വദേശി സന്തോഷ് ഷൺമുഖം ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. റഷ്യയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ബിനിൽ ബാബുവിനെയും സന്ദീപ് ചന്ദ്രനെയും അടക്കം മനുഷ്യ കടത്തിനിരയാക്കിയ മുഖ്യപ്രതികളാണ് അറസ്റ്റിലായത്.

SCROLL FOR NEXT