മെഡിസെപ് ആരോഗ്യ പരിരക്ഷാപദ്ധതി ഉപേക്ഷിക്കുന്ന നിലയിലേക്കെത്തിയത് സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാതെ വന്നതോടുകൂടിയെന്ന് ആക്ഷേപം. പണം കിട്ടാതായതോടെ പദ്ധതി ഏറ്റെടുക്കുന്നതിൽ നിന്ന് ആശുപത്രികളും പിന്മാറി. ചികിത്സക്കായി ആശുപത്രിയിലെത്തുമ്പോൾ ജീവനക്കാർക്കും പെൻഷൻകാർക്കും വാഗ്ദാനം ചെയ്തതിന്‍റെ മൂന്നിലൊന്നുപോലും സഹായം കിട്ടുന്നില്ലെന്നാണ് പ്രധാന വിമർശനം. ഇക്കഴിഞ്ഞ ഒക്ടോബറിൽ 5000 രൂപ ചികിത്സയ്ക്ക് ചെലവായ മ്യൂസിയം വകുപ്പ് ജീവനകാരിക്ക് അനുവദിച്ച് കിട്ടിയത് വെറും അഞ്ച് രൂപ മാത്രമായിരുന്നു.
2022 ജൂലൈ ഒന്നിനാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും കൈത്താങ്ങാകുമെന്ന ഉറപ്പുമായി മെഡിസെപ് പരിരക്ഷ പ്രാബല്യത്തിൽ വരുന്നത്. മാസം വെറും 500 രൂപ അടച്ചാൽ പദ്ധതി എംപാനൽ ചെയ്ത ആശുപത്രികളിൽ നിന്നും മൂന്ന് ലക്ഷം രൂപ പരിരക്ഷ മൂന്ന് വർഷത്തേക്ക് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പദ്ധതി രണ്ടുവർഷം പിന്നിടുമ്പോൾ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉപയോക്താക്കൾക്ക് പറയാൻ ഉള്ളത്.
പദ്ധതിക്കു കീഴില്‍ പ്രായം ഒരു പ്രശ്‌നമല്ലെന്നതാണ് സർക്കാർ ഉദ്യോഗസ്ഥരെ മെഡിസെപ്പിൽ ആകൃഷ്ടരാക്കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍, അവരുടെ ആശ്രിതര്‍ തുടങ്ങി 30 ലക്ഷം ആളുകളാണ് മെഡിസെപ്പിന്റെ പരിരക്ഷ പരിധിലുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിസെപ്പിൽ ചേരുകയെന്നത് നിര്‍ബന്ധമായിരുന്നു. സ്വകാര്യ ഇൻഷുറൻസിനേക്കാൾ ലാഭവും മികച്ച പരിരക്ഷയും ലഭിക്കുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ മെഡിസെപ്പിന് പുറമെ മറ്റൊരു ഇൻഷുറൻസ് കൂടി എടുക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും ഉപയോക്താക്കൾ പറയുന്നു.
ആദ്യഘട്ടത്തില്‍ നിരവധി രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് മെഡിസെപ്പിന്റെ പരിരക്ഷ ഉണ്ടായിരുന്നു. പിന്നീട് ഇതിൽ പലതും നിലച്ചു. കാഷ്‌ലെസ്സായി സേവനങ്ങള്‍ ലഭിക്കുന്ന ആശുപത്രികളുടെ എണ്ണം കുറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ മുൻകൂറായി പണം അടക്കണമെന്ന സാഹചര്യമായി. കൂടാതെ ഇടുപ്പെല്ല് മാറ്റിവെക്കൽ ഉൾപ്പെടെയുള്ള അവശ്യ ചികിത്സകൾ നൽകുന്നതിൽ നിന്നും സ്വകാര്യ ആശുപത്രികൾ പിന്മാറിയതും വെല്ലുവിളിയായി. ആനൂകൂല്യങ്ങൾ ലഭിക്കണമെങ്കിൽ സർക്കാർ ആശുപത്രികളെ മാത്രം സമീപിക്കേണ്ട സ്ഥിതിയാണ് നിലവിൽ.